# പാറശേരി പാലം ഇന്ന് പൊളിക്കും


ആലപ്പുഴ: ആലപ്പുഴ- ചങ്ങനാശേരി റോഡ് നവീകരണ പദ്ധതി മിന്നൽ വേഗത്തിൽ പുരോഗമിക്കുന്നു. ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തീകരിച്ച പൊങ്ങ, പക്കി പാലങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ പൂർണമായും തുറക്കും. നിലവിൽ രണ്ട് പാലവും 10 മീറ്റർ വീതിയിൽ തുറന്നിട്ടുണ്ട്.

രണ്ടാംഘട്ടമായി പാറശേരി, മാധവശേരി പാലങ്ങളാണ് പൊളിക്കുന്നത്. പാറശേരി പാലം പൊളിക്കൽ ഇന്ന് തുടങ്ങും. രണ്ട് പാലങ്ങൾക്കും സമീപം ഗതാഗതം തിരിച്ചുവിടുന്നതിന് ക്രമീകരിച്ച പാതകളുടെ ബലം വീണ്ടും ഉറപ്പുവരുത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
ഒരേസമയം രണ്ട് പാലങ്ങളുടെ നിർമ്മാണം നടത്തുന്ന രീതിയിലാണ് ഇപ്പോഴത്തെ ക്രമീകരണം. മാധവശേരി പാലം പൊളിക്കുന്നതിന് മുമ്പ് മാലോട് പാലം പൂർണമായും ഗതാഗതയോഗ്യമാക്കും. പുതിയ പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതുവരെ പൊതുഗതാഗതം തടസപ്പെടാതിരിക്കാൻ കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസ് നടത്തും.

വീണ്ടും ഗതാഗത നിയന്ത്രണം

എ - സി റോഡിൽ ഇന്ന് മുതൽ കെ.എസ്.ആർ.ടി.സി ആലപ്പുഴയിൽ നിന്ന് പൊങ്ങ വരെയും ചങ്ങനാശേരിയിൽ നിന്ന് പൂപ്പള്ളിവരെയുമേ സർവീസ് നടത്തൂ. ആലപ്പുഴയിൽ നിന്ന് വണ്ടാനം - ചമ്പക്കുളം - പൂപ്പള്ളി വഴി കൈനകരി, വണ്ടാനം - ചമ്പക്കുളം - പൂപ്പള്ളി വഴി പുളിങ്കുന്ന് സർവീസുകളും ഉണ്ടായിരിക്കും . ആലപ്പുഴ - ചങ്ങനാശേരി സർവീസുകൾക്ക് ജില്ലാ കളക്ടർ അനുമതി നൽകിയിട്ടില്ല. എടത്വാ - തിരുവല്ല വഴി ചങ്ങനാശേരിക്കും മുഹമ്മ - കുമരകം വഴി കോട്ടയത്തേക്കും സർവീസുകൾ ഉണ്ടായിരിക്കും.