ചെങ്ങന്നൂർ : എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ യൂത്ത്മൂവ്‌മെന്റ് സംഘടിപ്പിച്ച സരസകവി മൂലൂർ സ്മാരക എവർറോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള സെവൻസ് ഫുട്‌ബാൾ ടൂർണമെന്റിൽ പെരിങ്ങാല നോർത്ത് ശാഖാ യൂത്ത്മൂവ്‌മെന്റ് ടീം ജേതാക്കളായി. മെഴുവേലി പത്മനാഭോദയം സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ പെരിങ്ങാല നോർത്ത് ശാഖ ടീം പുലിയൂർ ശാഖാ യൂത്ത്മൂവ്‌മെന്റ് ടീമിനെ നാലു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. 65 -ാം നമ്പർ മെഴുവേലി ശാഖാ വൈസ് ചെയർമാൻ സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഇലവുംതിട്ട മൂലൂർ സ്മാരക കമ്മിറ്റി പ്രസിഡന്റും മുൻ എം.എൽ.എയുമായ കെ.സി.രാജഗോപാലൻ ട്രോഫികൾ വിതരണം ചെയ്തു. ടൂർണമെന്റിലെ മികച്ച കളിക്കാരൻ പെരിങ്ങാല നോർത്ത് ശാഖയിലെ സന്ദീപ്, മികച്ച ഗോൾ കീപ്പർ പുലിയൂർ ശാഖയിലെ അനീഷ്, മികച്ച ഡിഫെൻഡർ പെരിങ്ങാല നോർത്ത് ശാഖയിലെ ജിഷ്ണു എന്നിവർക്ക് വ്യക്തിഗത ട്രോഫികൾ ലഭിച്ചു. യൂണിയൻ അഡ്.കമ്മിറ്റി അംഗം ബി.ജയപ്രകാശ് തൊട്ടാവാടി, അഡ്വ. എസ്.എം. റോയി, സുജിത് വെൺമണി, അഖിലേഷ്, അർജുൻ ടോണി, ഗണേശ് മെഴുവേലി, ദിവ്യാ രാജേഷ്, അംജിത് മെഴുവേലി, ധർമ്മസേനാ യൂണിയൻ കൺവീനർ വിജിൻ രാജ് എന്നിവർ പ്രസംഗിച്ചു. യൂത്ത്മൂവ്‌മെന്റ് ചെയർമാൻ രാഹുൽരാജ് സ്വാഗതവും ടൂർണമെന്റ് കമ്മിറ്റി കൺവീനർ പ്രമോദ് മെഴുവേലി നന്ദിയും പറഞ്ഞു.