മാന്നാർ: സുരേഷ് കുമാറിന്റെ (54) കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി നാടൊന്നാകെ കൈകോർക്കുന്നു.
എസ് എൻ ഡി പി യോഗം മാന്നാർ യൂണിയന്റെ നേതൃത്വത്തിൽ 'കൈ കോർക്കാം സുരേഷിനായി, കരുതാം കരളിനായി' എന്ന സന്ദേശവുമായി ഞായറാഴ്ച രാവിലെ 11 മുതൽ ധനസമാഹരണ യജ്ഞം നടത്തുകയാണ്.
ഇരമത്തൂർ 658ാം നമ്പർ ശാഖാംഗമാണ് മാന്നാർ ഇരമത്തൂർ കടവിശേരിൽ പുത്തൻ പറമ്പിൽ സുരേഷ് കുമാർ.
യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെന്നിത്തല മേഖലയിലെ 13 ശാഖകളുടെയും ജന പ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലാണ് ശസ്ത്രക്രിയയ്ക്കാവശ്യമായ 25 ലക്ഷം രൂപ സമാഹരിക്കുന്നത്. ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുരേഷിന് ഡോക്ടർമാർ അടിയന്തിര ശസ്ത്രക്രിയ നിർദ്ദേശിച്ചിരിക്കുകയാണ്. ഓട്ടോ ഡ്രൈവറായ സുരേഷിന് കരൾ പകുത്തു നൽകുന്നത് 21 കാരനായ മകനാണ്.
ഓട്ടോയിൽ നിന്നുള്ള വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. സുരേഷിന്റെ ചികിത്സക്കായി ഇപ്പോൾ തന്നെ കിടപ്പാടം വരെ പണയത്തിലായി വലിയൊരു തുകയുടെ ബാധ്യതയുണ്ട്. സുവർണയാണ് ഭാര്യ. അർച്ചന സുരേഷ്, അനന്തു സുരേഷ് എന്നിവരാണ് മക്കൾ. കൂട്ടായ കാരുണ്യ പ്രവർത്തനത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് സഹായ സമിതി അഭ്യർത്ഥിച്ചു.