കുട്ടനാട്: പമ്പയാറ് കരകവിഞ്ഞതിനെ തുടർന്ന് രാമങ്കരി കൃഷിഭവന് കീഴിലെ 60 ഏക്കർ വിസ്തൃതിവരുന്ന കോയൽവട്ടത്തുശേരി (മണലുംഭാഗം) പാടം മടവീണു. ഇന്നലെ രാവിലെ 9ഓടെ രാമങ്കരി സെന്റ്ജോസഫ് ചർച്ചിന് കിഴക്കാണ് ബണ്ട് പൊട്ടിയത്. ഒന്നരയാഴ്ച മുമ്പ് പാടത്തെ വെള്ളം വറ്റിച്ച് പുഞ്ച കൃഷിക്ക് തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. രാമങ്കരി പ്രദേശമാകെ മുട്ടറ്റം വരെ വെള്ളം കയറി. പമ്പ, കക്കി ഡാമുകൾ തുറന്നതോടെ പ്രദേശത്തെ ജലനിരപ്പ് ഇനിയും ഉയർന്നേക്കാം. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.