court

തുറവൂർ: തുറവൂർ മഹാക്ഷേത്രത്തിൽ ദീപാവലി ഉത്സവ നടത്തിപ്പിന് കമ്മിറ്റി രൂപീകരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. 24ന് കൊടിയേറി നവംബർ 3ന് ദീപാവലി വലിയ വിളക്കും 4ന് ആറാട്ടോടെയുമാണ് ഉത്സവം സമാപിക്കുന്നത്. വൈക്കം അസി. ദേവസ്വം കമ്മിഷണർ കഴിഞ്ഞ 4നാണ് 23 പേരടങ്ങിയ കമ്മിറ്റി രൂപീകരിച്ച് ഉത്തരവിറക്കിയത്. ജസ്റ്റീസുമാരായ അനിൽ.കെ. നരേന്ദ്രൻ, കെ. ബാബു എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഒരു മാസത്തേക്ക് ഉത്തരവ് സ്റ്റേ ചെയ്തത്.

2018ൽ ഭക്തജനസമിതിയുടെ പ്രവർത്തനം ഹൈക്കോടതി വിലക്കിയുന്നു. വിജിലൻസ് അന്വേഷണം നേരിടുന്ന ഈ അംഗങ്ങളെയും ഇവരുടെ ഇഷ്ടക്കാരെയും ഉൾപ്പെടുത്തിയാണ് പിതിയ കമ്മിറ്റി രൂപീകരിച്ചതെന്ന് കാട്ടി തുറവൂർ കണ്ണമംഗലത്ത് വീട്ടിൽ ആർ. ശിവപ്രസാദ് ഫയൽ ചെയ്ത ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

പിരിച്ചുവിട്ട ഭക്തജന സമിതിയുടെ വാർഷിക പൊതുയോഗ തിരഞ്ഞെടുപ്പിനായി ഹൈക്കോടതി നിയോഗിച്ച റിട്ടേണിംഗ് ഓഫീസറെന്ന വ്യാജേന അഭിഭാഷകനായ പി. ശാർങ്‌ഗധരൻ പുറപ്പെടുവിച്ച തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിൽ സത്യവാങ്മൂലം നൽകാനും കോടതി ഉത്തരവിട്ടു.

ഹൈക്കോടതിയുടെ സൽപ്പേര് കളങ്കപ്പെടുത്തിയ അഡ്വ. പി.ശാർങ്‌ഗധരനെ ഡിവിഷൻ ബെഞ്ച് കേസിൽ ആറാം പ്രതിയാക്കി. അഞ്ചാം പ്രതിയായ ആലപ്പുഴ ജില്ലാ ചാരിറ്റബിൾ സൊസൈറ്റീസ് രജിസ്ട്രാർ ദേവസ്വം ബോർഡിന്റെ 2019 മാർച്ച് 29ലെ ഉത്തരവിൽ എന്ത് നടപടിയെടുത്തെന്ന റിപ്പോർട്ടും സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു.