അമ്പലപ്പുഴ: നവരാക്കൽ അമ്പലത്തിന് സമീപം ഫ്രൂട്ട്സ് കട നടത്തിയിരുന്ന മാള സ്വദേശി സഫറുദ്ദീനെ (47) തട്ടിക്കൊണ്ടുപോയ കേസിൽ ഏഴുപേരെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. 17ന് പുലർച്ചെ 5 ഓടെ ഇന്നോവ കാറിലെത്തിയ സംഘം കടയിൽ നിന്ന് ബലമായി സഫറുദ്ദീനെ കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.
സി.ഐ ദ്വിജേഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കാർ തിരുവനന്തപുരം ഭാഗത്തേക്കാണ് പോയതെന്ന് കണ്ടെത്തി. തുടർന്ന് ദേശീയപാതയിൽ ശക്തികുളങ്ങര ഭാഗത്തുവച്ച് നാല് പ്രതികളെ പിടികൂടി. മറ്റ് മൂന്നുപേരെ ചിറയിൻകീഴുള്ള പ്രതികളുടെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു. സഫറുദ്ദീനെയും ഇവിടെനിന്നാണ് കണ്ടെത്തിയത്.
ചിറയിൻകീഴ് സ്വദേശികളായ ആദംഷാ, മുഹമ്മദ് ഹാരീസ്, ഹർസൽ, അൽ ഖൈസ്, മുഹമ്മദ്, മുഹമ്മദ് ഷാൻ, നഹാസ് എന്നിവരാണ് അറസ്റ്റിലായത്. വിദേശത്ത് ജോലി നൽകാമെന്നേറ്റ് സഫറുദ്ദീൻ പ്രതികളിൽ നിന്ന് 12 ലക്ഷം രൂപ എട്ടുമാസം മുമ്പ് വാങ്ങിയിരുന്നു. ഈ പണം ഈടാക്കാൻ സഫറുദ്ദീന്റെ കാർ പിടിച്ചെടുത്ത് പണയം വച്ചും സഫറുദ്ദീനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈപ്പറ്റാനുമായിരുന്നു പ്രതികളുടെ പദ്ധതി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്.ഐ ടോൾസൺ, ഗ്രേഡ് എസ്.ഐമാരായ മാർട്ടിൻ, ഷൈല കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷിബു, സി.പി.ഒമാരായ അനൂപ്, വിനു, ഇർഷാദ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.