ചേർത്തല: അർത്തുങ്കൽ സ്രാമ്പിക്കൽ രാജേഷിന്റെ മകൻ ഒൻപതാം ക്ലാസ് വിദ്യാർത്ഥി നിർമ്മൽ രാജേഷ് (14) ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചത് പേവിഷബാധയേ​റ്റെന്ന നിഗമനത്തിൽ ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പ് സംഘം നിർമ്മലിന്റെ വീട്ടിലെത്തി വിവരങ്ങൾ തേടി. നിർമ്മലുമായി അടുത്ത് സമ്പർക്കമുള്ള മാതാപിതാക്കൾ അടക്കം 12 പേർക്ക് ഇന്നലെ പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകി. ശനിയാഴ്ച ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് നിർമ്മൽ മരിച്ചത്. ശാരിരിക അസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച വൈകിട്ടോടെ മരിച്ചു. കൊവിഡ് നെഗ​റ്റീവാണ്. ആശുപത്രിയിൽ വച്ച് നിർമ്മലിന് കടുത്ത തൊണ്ടവേദനയും ഭക്ഷണവും വെള്ളവും ഇറക്കാനും സാധിച്ചിരുന്നില്ല. വെള്ളത്തോടും കാ​റ്റിനോടും അസ്വസ്ഥതയും പ്രകടിപ്പിച്ചിരുന്നു. ഇതാണ് പേവിഷ ബാധയേ​റ്റെന്ന നിഗമനത്തിൽ ആരോഗ്യവകുപ്പ് എത്തിയതിന്റെ പ്രധാന കാരണം.

പോസ്​റ്റ്‌മോർട്ടത്തിൽ പേവിഷ ബാധയുടെ സംശയവും ഉണ്ടായിരുന്നു. നിർമ്മലിന്റെ തലച്ചോറിന്റെ ഭാഗങ്ങൾ പാലോടുള്ള സ്​റ്റേ​റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസിലേക്കും ആന്തരികാവയവങ്ങൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ് ബംഗളൂരുവിലേക്കും അയച്ചു.

ഇന്നലെ ജില്ലാ സർവൈവൽ ഓഫീസർ ഡോ. എസ്. ഷാജിയുടെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ് സംഘമാണ് നിർമ്മലിന്റെ വീട്ടിലെത്തിയത്. നിർമ്മലിന്റെ മുഖത്ത് പരുക്കിന്റെ പാടുണ്ട്. നായയോ, പൂച്ചയോ മാന്തിയതാകാമെന്നാണ് നിഗമനം. നായ മാന്തിയതായി നിർമ്മൽ സുഹൃത്തുക്കളോട് പറഞ്ഞിരുന്നെന്ന് ആരോഗ്യവകുപ്പിന് വിവരം ലഭിച്ചു. എന്നാൽ വീട്ടിൽ പറഞ്ഞിരുന്നില്ല.

നിർമ്മലിന്റെ സഹോദരൻ അമലിനെ രണ്ടുമാസം മുമ്പ് വീട്ടിലെ നായ മാന്തിയിരുന്നു. തുടർന്ന് ചികിത്സ തേടി. കുത്തിവയ്പ്പ് ഭയന്ന് നായ മാന്തിയത് വീട്ടിൽ പറയാതിരുന്നതാണോയെന്നും ആരോഗ്യവകുപ്പ് സംശയിക്കുന്നുണ്ട്. വീട്ടിലെ നായയെ ഇന്നലെ വെ​റ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ പരിശോധിച്ചെങ്കിലും നായയിൽ പേവിഷബാധ കണ്ടെത്താനായില്ല. നായയ്ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് എടുത്തിരുന്നതായും വീട്ടുകാർ പറഞ്ഞു.