ചേർത്തല: പേവിഷ ബാധയേ​റ്റ് വിദ്യാർത്ഥി മരിച്ചെന്ന നിഗമനത്തെ തുടർന്ന് ചേർത്തല തെക്ക് പഞ്ചായത്തിൽ ആരോഗ്യ വകുപ്പും പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതിയും ഇന്നലെ അടിയന്തര യോഗം ചേർന്നു. പഞ്ചായത്ത് പ്രദേശത്തെ വളർത്ത് നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പും ലൈസൻസും നിർബന്ധമാക്കാൻ യോഗം തീരുമാനിച്ചു. തെരുവ് നായ്ക്കൾക്കും പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകും. നായയോ, പൂച്ചയോ മാന്തുകയോ, കടിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ വൈദ്യപരിശോധനയ്ക്ക് വിധേയരാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി ഇന്ന് പഞ്ചായത്ത് പ്രദേശത്ത് മൈക്ക് അനൗൺസ്‌മെന്റ് നടത്തും. അടുത്ത ദിവസങ്ങളിൽ വാർഡ് തല ആരോഗ്യ ജാഗ്രതാസമിതി വിളിച്ച് ബോധവത്കരണം നടത്തും. മാലിന്യസംസ്‌കരണം ഉറപ്പാക്കാൻ ആരോഗ്യവകുപ്പും പഞ്ചായത്തും നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് സിനിമോൾ സാംസൺ, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ടോമി ഏലശേരി തുടങ്ങിയവർ പങ്കെടുത്തു.