ആലപ്പുഴ: കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലെ ജനങ്ങളെ അടിയന്തരമായി ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് നടപടികൾ ആരംഭിച്ചു. മന്ത്രിമാരായ കെ. രാജൻ, സജി ചെറിയാൻ, പി. പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.
ഒഴിപ്പിക്കൽ നടപടികൾ ഇന്നലെ രാത്രി തന്നെ ആരംഭിച്ചു. കക്കി ഡാം തുറക്കുകയും പമ്പ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കാൻ സാദ്ധ്യതയുള്ളതിനാലുമാണ് ഒഴിപ്പിക്കൽ ആരംഭിച്ചത്. അപകടസാദ്ധ്യതാ മേഖലകളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിന് പഞ്ചായത്ത് പ്രസിഡന്റുമാരും ജനപ്രതിനിധികളും വില്ലേജ് ഓഫീസർമാരും സജീവ ഇടപെടൽ നടത്തണം. ജനങ്ങൾ വീടുവിട്ടുപോകാൻ തയ്യാറാകുന്നില്ലെങ്കിൽ ദുരന്തനിവാരണ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കണം.
പൊലീസും അഗ്നിരക്ഷാ സേനയും സർവസജ്ജമാണ്. എൻ.ഡി.ആർ.എഫിന്റെ രണ്ട് സംഘങ്ങളും നിലയുറപ്പിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ 23 സംഘങ്ങൾ സേവനസന്നദ്ധമാണ്.
ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് 24 വരെ അവധിയെടുക്കാൻ പാടില്ല.
ക്യാമ്പുകളിൽ കുടിവെള്ളം, ഭക്ഷണം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കും.
ക്യാമ്പുകളിലേക്കുള്ള ഭക്ഷ്യവസ്തുക്കൾ മുൻകൂട്ടി ശേഖരിക്കാൻ തഹസീൽദാർമാരെ ചുമതലപ്പെടുത്തി. എല്ലാ ക്യാമ്പുകളിലും ഒരു പൊലീസ് ഉദ്യോഗസ്ഥന്റെയും അതത് മേഖലയിലെ ആശാ പ്രവർത്തകരുടെയും സേവനം ഉറപ്പാക്കും.
മത്സ്യത്തൊഴിലാളികൾക്കുള്ള സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
എം.പിമാരായ എ.എം. ആരിഫ്, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്.സലാം, യു. പ്രതിഭ, എം. എസ്. അരുൺകുമാർ, ദലീമ ജോജോ, തോമസ്.കെ. തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ കളക്ടർ എ. അലക്‌സാണ്ടർ, ജില്ലാ പൊലീസ് മേധാവി ജി. ജയദേവ്, ജില്ലാ വികസന കമ്മിഷണർ കെ.എസ്. അഞ്ജു, എ.ഡി.എം ജെ. മോബി, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾ, പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഒഴിപ്പിക്കാൻ കളക്ടറുടെ ഉത്തരവ്
ആലപ്പുഴ: മേഖലയിലെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് ദുരന്ത നിവാരണ നിയപ്രകാരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ എ. അലക്സാണ്ടർ ഉത്തരവിറക്കി. മന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്.
കുട്ടനാട് മേഖലയിൽ നിന്ന് മാറ്റുന്നവരെ അമ്പലപ്പുഴ, ചങ്ങനാശേരി താലൂക്കുകളിലെ കേന്ദ്രങ്ങളിലാണ് താമസിപ്പിക്കുക.
ജില്ലാ വികസന കമ്മിഷണർ എസ്. അഞ്ജു (ഫോൺ-7306953399), സബ് കളക്ടർ സൂരജ് ഷാജി (9447495002), എൽ.ആർ ഡെപ്യൂട്ടി കളക്ടർ എസ്. സന്തോഷ് കുമാർ (8547610046), തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ആന്റണി സ്കറിയ (9447787877) എന്നിവർ നടപടികൾ ഏകോപിപ്പിക്കും.