തുറവൂർ: ദേശീയപാതയിൽ അരൂർ മുതൽ തുറവൂർ വരെ പുതിയ ആകാശപാത (എലിവേറ്റഡ് ഹൈവേ) നിർമ്മിക്കുന്നതിന്റെ ഭാഗമായുള്ള മണ്ണ് പരിശോധന പുരോഗമിക്കുന്നു. നാലുവരി പാതയിലെ മീഡിയനിൽ പ്രത്യേക യന്ത്രത്തിന്റെ സഹായത്തോടെ ഭൂമി തുരന്നാണ് മണ്ണിന്റെ സാമ്പിളെടുക്കുന്നത്.
അരൂർ, ചന്തിരൂർ, കൊച്ചുവെളി കവല, എരമല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇതിനായുള്ള ജോലികൾ ആരംഭിച്ചത്. അരൂർ മുതൽ തുറവൂർ വരെയാണ് ദേശീയപാത നവീകരിക്കുന്നത്. തുറവൂർ മുതൽ തെക്കോട്ടുള്ള ദേശീയപാതയുടെ ആറുവരി നിർമ്മാണ ജോലികൾക്കായുള്ള ടെണ്ടർ നടപടികൾ പൂർത്തിയായി. നിർമ്മാണ പ്രവർത്തനങ്ങൾ വൈകാതെ തുടങ്ങും.
ജില്ലയിൽ ഏറ്റവുമധികം റോഡപകടങ്ങൾ നടക്കുന്ന സ്ഥലമാണ് അരൂർ മുതൽ ചേർത്തല വരെയുള്ള പ്രദേശങ്ങൾ.
ദേശീയപാത അതോറിറ്റി കണ്ടെത്തിയ ബ്ലാക്ക് സ്പോട്ടുകൾ ഏറെയും ഈ മേഖലയിലാണ്. തുറവൂർ മുതൽ അരൂർ വരെയുള്ള 5 പ്രധാന ജംഗ്ഷനുകളിൽ ഫ്ളൈ ഓവർ നിർമ്മിക്കാൻ ആദ്യം തീരുമാനിച്ച് ടെണ്ടർ ക്ഷണിച്ചെങ്കിലും പിന്നീട് ഇത് റദ്ദാക്കിയാണ് ആകാശപാത നിർമ്മിക്കാൻ തീരുമാനിച്ചത്.
സ്ഥലം ഏറ്റെടുക്കുന്നതിനുമുള്ള കാലതാമസം ഒഴിവാക്കുന്നതിനാണ് അരൂർ മുതൽ തുറവൂർ വരെ ആകാശപാത നിർമ്മിക്കാൻ തീരുമാനിച്ചത്. മദ്ധ്യപ്രദേശിലെ ഭോപ്പാൽ ആസ്ഥാനമായ ഹൈവേ എൻജിനിയറിംഗ് കൺസൾറ്റന്റാണ് മണ്ണ് പരിശോധനയുടെ കരാർ ചുമതല.
മണ്ണ് പരിശോധന: 0.5 കിലോമീറ്റർ ഇടവിട്ട്
""
പരിശോധനാ റിപ്പോർട്ട് ലഭിച്ച് ആറ് മാസത്തിനകം പാതയുടെ ഡിസൈൻ തയ്യാറാക്കി നിർമ്മാണം ആരംഭിക്കാനാകും.
നാഷണൽ ഹൈവേ അതോറിട്ടി ഒഫ് ഇന്ത്യ അധികൃതർ