തുറവൂർ:തുറവൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ വളമംഗലം തെക്ക് മേഖലയിൽ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമായതായി പരാതി. വളമംഗലം ഗോപിനിലയത്തിൽ ഗോപകുമാറിന്റെ ഉടമസ്‌ഥതയിലുള്ള മതിൽ കഴിഞ്ഞ ദിവസം രാത്രിയിൽ ഒരു സംഘം പൊളിച്ചു മാറ്റി. ലക്ഷ്മി നിവാസിൽ വിജയന്റെ സ്ഥലത്തെ കൃഷിവിളകൾ കഴിഞ്ഞ ദിവസം നശിപ്പിച്ചിരുന്നു. സംഭവസ്ഥലം വാർഡംഗം ജയസുധ സന്ദർശിച്ചു. ഗോപകുമാർ കുത്തിയതോട് പൊലീസിൽ പരാതി നൽകി. പ്രദേശത്ത് മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരുടെ എണ്ണമേറിയതായും പല തവണ പൊലീസിൽ പരാതിപ്പെട്ടിട്ടും ഇതിനെതിരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും സമീപവാസികൾ പറയുന്നു.