ചാരുംമൂട്: തിമിർത്തു പെയ്ത മഴയിൽ കൃഷിയിടങ്ങളിലേക്ക് ആറ്റുവെള്ളം ഇരച്ചുകയറി മുഴുവൻ കരകൃഷികളും നശിച്ചു. മുതുകാട്ടുകര വിപിൻ സദനത്തിൽ വിശ്വനാഥനുണ്ണിത്താന്റെ 140 വാഴകളും, കാഞ്ചിൽ, ചേമ്പ്, കിഴങ്ങ് കൃഷികളും പാടേ നശിച്ചു. മുതുകാട്ടുകര കുറവൻക്കുഴി ഭാഗത്തായി കൃഷി ചെയ്ത കാർഷിക വിളകളാണ് നഷ്ടമായത്. അടുത്ത മാസം വിളവെടുപ്പിനു തയ്യാറെടുക്കുന്നതിനിടയിലാണ് ആറ്റുവെള്ളം കയറിയത്. ഏതാണ്ട് ഒരു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി പറയുന്നു. ഇദ്ദേഹത്തിന്റെ കൃഷിയിടത്തോടു ചേർന്ന സതീഷ് ഭവനത്തിൽ ശശിയുടെയും കളത്തിൽ രവിയുടേയും കരകൃഷികളും പൂർണമായും നശിച്ചു. കർഷകർക്കു സംഭവിച്ച നഷ്ടം പ്രകൃതിദുരന്തമായി കണക്കാക്കി അടിയന്തിരമായി നഷ്ടപരിഹാരം ലഭിക്കുവാൻ പാലമേൽ കൃഷി ഓഫീസർ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.