ചേർത്തല: മഴക്കെടുതിയുമായി ബന്ധപ്പെട്ട് ചേർത്തല മണ്ഡലത്തിലെ അവലോകന യോഗം മന്ത്റി പി.പ്രസാദിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ചേർത്തല ടൗൺ ഹാളിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, വില്ലേജ് ഓഫീസർമാർ, പൊതുമരാമത്ത് വകുപ്പ്, വാട്ടർ അതോറിറ്റി, ഇറിഗേഷൻ വകുപ്പ്, ആരോഗ്യ വകുപ്പ്, കെ.എസ്.ഇ.ബി, അഗ്നിശമനസേന എന്നിവരെ ഉൾപ്പെടുത്തിയായിരുന്നു യോഗം സംഘടിപ്പിച്ചത്.
നഷ്ടപരിഹാര അപേക്ഷ പരിശോദിച്ച് മൂന്ന് ദിവസത്തിനകം ദുരന്തനിവാരണ നിധിയിൽ നിന്ന് സഹായം നൽകണമെന്ന് മന്ത്റി പി. പ്രസാദ് പറഞ്ഞു. ചേർത്തല താലൂക്ക് ആശുപത്രിയിൽ അടിയന്തര കിടത്തി ചികിത്സ തുടങ്ങണം. പാടശേഖരങ്ങളിലെ വെള്ളം പമ്പ് ചെയ്ത് കളഞ്ഞില്ലെങ്കിൽ ക്രിമിനൽ കേസെടുക്കുമെന്നും മന്ത്റി പി. പ്രസാദ് പറഞ്ഞു. തഹസിൽദാർ ആർ. ഉഷ, കഞ്ഞിക്കുഴി ബ്ലോക്ക് പ്രസിഡന്റ് വി.ജി. മോഹനൻ, നഗരസഭാ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ, വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, ചേർത്തല ഡിവൈ.എസ്.പി ടി.ബി. വിജയൻ, തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു സുരേഷ്, കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ എന്നിവർ പങ്കെടുത്തു.