കുട്ടനാട്: വിളവെടുക്കാറായതും പുഞ്ചകൃഷിക്ക് ഒരുക്കിയതുമായ പാടങ്ങളിലേയ്ക്ക് വെള്ളം കവിഞ്ഞ് കയറുകയാണ്. പല പാടങ്ങളിലും ദിവസങ്ങളായി വിളവെത്തിയ നെല്ല് വെള്ളത്തിലാണ്. വെളിയനാട് കൃഷിഭവന് കീഴിലെ 470 ഏക്കർ വരുന്ന തൈപ്പറമ്പ് തെക്ക് പാടശേഖരത്തെ മോട്ടോർതറയുടെ പെട്ടിമട തള്ളിപ്പോയതിനെ തുടർന്ന് രണ്ടാമതും മടവീണു. പാടശേഖരത്തിന്റെ കിഴക്കേ ബണ്ടിലെ മണലിത്തറ മോട്ടോർതറയാണ് തള്ളിപ്പോയത്. ഒരാഴ്ച മുമ്പ് ബണ്ടിന്റെ ഒരു ഭാഗം തകർന്നതിനെ തുടർന്ന് മടവീണിരുന്നു. അന്ന് കർഷകരും നാട്ടുകാരും ചേർന്നാണ് മടകുത്തി പാടശേഖരം മുങ്ങാതെ രക്ഷപ്പെടുത്തിയത്. ആറ് മോട്ടോറുകളുള്ളതിൽ രണ്ടെണ്ണമാണ് ഒലിച്ചുപോയത്.