മാവേലിക്കര: റോഡ് അപകടത്തിൽ പരിക്കേറ്റ യുവാവിനെ എം.എസ്. അരുൺകുമാർ എം.എൽ.എ സ്വന്തം വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു. ഇന്നലെ രാത്രി 8.15 ഓടെ കൊച്ചാലുംമൂട് എസ്.ബി.ഐക്ക് മുന്നിലായിരുന്നു അപകടം. കൊച്ചാലുംമൂട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ജനതാ മെഷീൻസ് കമ്പനിയിലെ ജോലിക്കാരനായ ഷിനോജ് ചാക്കോയാണ് (38) അപകടത്തിൽ പെട്ടത്.
പമ്പിൽ നിന്ന് പെട്രോൾ നിറച്ച് മടങ്ങുമ്പോൾ ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ കാറിടിക്കുകയായിരുന്നു. കാർ നിറുത്താതെ പോയി. കല്ലിമേലുള്ള ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് മാവേലിക്കരയിലെ ദുരിതാശ്വാവാസ ക്യാമ്പിലേക്ക് പോകും വഴി ആൾക്കൂട്ടം കണ്ട് എം.എൽ.എ കാർ നിറുത്തിയപ്പോഴാണ് അപകടമാണെന്നറിഞ്ഞത്. പരിക്കേറ്റ ഷിനോജിനെ ഉടൻ കാറിൽ കയറ്റി മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചു. ഡി.വൈ.എഫ്.ഐ മാവേലിക്കര ടൗൺ തെക്ക് മേഖലാ സെക്രട്ടറി സെൻസോമൻ, തഴക്കര മേഖലാ പ്രസിഡന്റ് അതുൽ, അഭയം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ഏരിയാ കോ ഓർഡിനേറ്റർ ലിജോ വർഗീസ്, സിഡ്കോ എക്സി. അംഗം സുരേഷ് ലക്ഷ്മണൻ എന്നിവരും എം.എൽ.എയ്ക്കൊപ്പം സഹായത്തിനെത്തി.