1

ആലപ്പുഴ: വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷതേടി വീട്ടുകാർ ക്യാമ്പുകളിൽ അഭയം പ്രാപിച്ചപ്പോൾ, ഇവർ വളർത്തിയിരുന്ന കന്നുകാലികൾക്ക് അഭയമൊരുക്കി ജില്ലാ മൃഗസംരക്ഷണ വകുപ്പ് . താൽക്കാലിക ഷെഡുകളിലും , വെള്ളം കയറാത്ത പൊക്ക പ്രദേശങ്ങളിലുമായി 46 ക്യാമ്പുകളാണ് വളർത്തുമൃഗങ്ങൾക്കായി ജില്ലയിൽ നിലവിൽ പ്രവർത്തിക്കുന്നത്. കുട്ടനാടൻ മേഖലകളിലും, ചെങ്ങന്നൂർ താലൂക്കിലുമാണ് ഭൂരിഭാഗം ക്യാമ്പുകളും . കന്നുകാലികളുടെ പ്രസവം, അകിടുവീക്കം തുടങ്ങി പലവിധ ചികിത്സകൾ തേടി ഉൾപ്രദേശങ്ങളിൽ നിന്നടക്കം ജില്ലാ മൃഗസംരക്ഷണ ഓഫീസിലേക്ക് ദിവസവും വിളികളെത്തുന്നുണ്ട്. വെള്ളക്കെട്ടിൽ എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ദിവസേന 5 ഡോക്ടർമാരുടെ സംഘം കുട്ടനാട് മേഖലയിൽ മോട്ടോർ ബോട്ടിൽ സേവനം നടത്തുന്നു. വകുപ്പിലെ ഡോക്ടർമാർക്ക് പുറമേ, വിരമിച്ച ജീവനക്കാരും പ്രവർത്തനങ്ങളിൽ സഹകരിക്കുന്നുണ്ട്.

വെള്ളത്തിൽ നീന്തി ഡോക്ടർമാർ

ബോട്ടിൽ എത്താൻ സാധിക്കാത്ത പ്രദേശങ്ങളിൽ ഡോക്ടർമാരുടെ സംഘം കിലോമീറ്ററുകളോളം അരപ്പൊക്കം വെള്ളം നീന്തിയാണ് എത്തിപ്പെടുന്നത്. പല ദിവസങ്ങളിലും അതിരാവിലെ ആരംഭിക്കുന്ന ഡ്യൂട്ടി രാത്രി 10 മണിക്ക് ശേഷവും അവസാനിക്കാറില്ല.

ഫണ്ടിന്റെ കുറവ്

താത്കാലിക ക്യാമ്പുകളിൽ കഴിയുന്ന കാലികൾക്ക് ഭക്ഷണവും മരുന്നും നൽകുന്നതിന് പ്രത്യേകം ഫണ്ട് പാസായി വരേണ്ടതുണ്ട്. അതുവരെ തനത് ഫണ്ട് ഉപയോഗിച്ചും എൻ.ജി.ഒകളുടെ സഹായത്താലുമാണ് കാലിത്തീറ്റ അടക്കമുള്ളവ എത്തിക്കുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറ

ഞ്ഞു.

ക്യാമ്പിലുള്ളത്

പശുക്കളും കിടാവുകളും :1410

ആടുകൾ : 300

വെള്ളക്കെട്ട് രൂക്ഷമായ സ്ഥലങ്ങളിൽ ഏറെ സാഹസപ്പെട്ടാണ് ഡോക്ടർമാർ എത്തിച്ചേരുന്നത്. പരമാവധി സ്ഥലങ്ങളിൽ ചികിത്സാ സഹായം എത്തിക്കാൻ സാധിക്കുന്നുണ്ട്. മഴ ശക്തമായാൽ ക്യാമ്പുകളുടെ എണ്ണം കൂട്ടും

- ഡോ.ജിയോ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ