ആലപ്പുഴ: അരൂർ മണ്ഡലത്തിലെ ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിനെയും ചേർത്തല നഗരസഭയെയും ബന്ധിപ്പിക്കുന്ന നെടുമ്പ്രക്കാട്- വിളക്കുമരം പാലം പൂർത്തീകരണത്തിലേക്ക്. പാലത്തിന്റെ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയും അപ്രോച്ച് റോഡിനായുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികളും പുരോഗമിക്കുകയാണ്.
ചേർത്തല- അരൂക്കുറ്റി റോഡിൽ കാലപ്പഴക്കം ചെന്ന ചെങ്ങണ്ട പാലത്തിനും ചേർത്തല- അരൂക്കുറ്റി റോഡിനും സമാന്തരമായാണ് പാലം നിർമ്മിക്കുന്നത്. ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
കിഫ്ബിയിൽ ഉൾപ്പെടുത്തി 20 കോടി രൂപ ചെലവഴിച്ചാണ് ചെങ്ങണ്ട കായലിന് കുറകെ രണ്ടുഭാഗങ്ങളായി 136 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലും പാലം ഒരുങ്ങുന്നത്. 2004ൽ ആരംഭിച്ച നിർമ്മാണം ഇടയ്ക്ക് മുടങ്ങിയിരുന്നു. മുൻമന്ത്രി പി. തിലോത്തമന്റെയും എ.എം. ആരിഫ് എം.പി.യുടെയും ഇടപെടലിനെ തുടർന്ന് 2019ലാണ് പുനരാരംഭിച്ചത്.