നിലവിലെ കെട്ടിടം ജീർണാവസ്ഥയിൽ
മാന്നാർ : തകർന്നു വീഴാറായ കെട്ടിടത്തിൽ നിന്ന് മോചനം തേടുകയാണ് മാന്നാർ പോസ്റ്റ് ഓഫീസ്. മഴവെള്ളം വീഴാതിരിക്കാനായി ഒരു വർഷത്തിന് മുമ്പ് മേൽക്കൂരയുടെ മുകളിൽ വിരിച്ച പ്ലാസ്റ്റിക്ക് പടുത നശിച്ചു തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ കെട്ടിടത്തിനുള്ളിലേക്ക് വെള്ളം ഇറങ്ങി ഉപകരണങ്ങെല്ലാം തകരാറിലായത് കാരണം പോസ്റ്റ് ഓഫീസിന്റെ പ്രവർത്തനം തടസപ്പെട്ടിരുന്നു. ഭീതിയോടെയാണ് ജീവനക്കാർ ഇപ്പോൾ ഇവിടെ ജോലി ചെയ്യുന്നത്. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും പരാതിയെത്തുടർന്ന് പോസ്റ്റ് ഓഫീസ് താത്കാലികമായി മാറ്റി സ്ഥാപിക്കാൻ മാന്നാർ ടൗണിൽ തന്നെ വാടകക്കെട്ടിടം അന്വേഷിക്കുകയാണ് തപാൽ വകുപ്പ് അധികൃതർ.
മാവേലിക്കര -തിരുവല്ല സംസ്ഥാന പാതയോരത്ത് മാന്നാർ തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിനു സമീപത്താണ് പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. മാന്നാർ പിഷാരത്ത് ശങ്കരപ്പിള്ളയിൽ നിന്ന് പൊന്നുംവിലക്ക് വാങ്ങിയ പത്ത് സെന്റ് സ്ഥലത്തു സർക്കാർ നിർമ്മിച്ച കെട്ടിടത്തിന് എഴുപതു വർഷത്തിലധികം പഴക്കമുണ്ട്. മഴക്കാലമായതിനാൽ ഓരോ ദിവസവും കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും സുരക്ഷിത സ്ഥാനങ്ങളിൽ ഭദ്രമായി വച്ചതിനു ശേഷമാണ് ജീവനക്കാർ ഓഫീസ് പൂട്ടിപ്പോകുന്നത്. പോസ്റ്റ് ഓഫിസിനോട് ചേർന്ന് ജീവനക്കാർക്കായി ക്വാർട്ടേഴ്‌സ് സൗകര്യം ഉണ്ടായിരുന്നെങ്കിലും അത് ഉപയോഗിക്കാനാകാത്തവിധം നശിച്ചു പോയി.
പ്രധാന പോസ്റ്റ് ഓഫീസ്
മാന്നാറിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾ ആശ്രയിക്കുന്ന മുഖ്യ തപാൽ ഓഫീസാണിത്. ഇതിനു കീഴിലായി പാവുക്കരയിലും ഇരമത്തൂരിലുമായി രണ്ടു ബ്രാഞ്ച് ഓഫീസുകളും പ്രവർത്തിക്കുന്നു.
എപ്പോൾ വേണമെങ്കിലും വീഴാം
ഇളകിയ ഓടുകൾ, ദ്രവിച്ച കഴുക്കോലുകൾ
കെട്ടിടത്തിന് മുകളിൽ കാടുവളർന്നു
വെള്ളം ഇറങ്ങി ഭിത്തികൾ അടരുന്നു
കാലപ്പഴക്കം ചെന്ന വയറിംഗുകൾ
പൊട്ടിക്കിടക്കുന്ന പൈപ്പ് ലൈനുകൾ
പ്രവേശന കവാടത്തിൽ മാലിന്യക്കൂമ്പാരം
'തകർന്ന് വീഴാറായ കെട്ടിടം പൊളിച്ച് പുതിയത് നിർമ്മിക്കാനായി നടപടികൾ ആരംഭിച്ചെങ്കിലും പാതിവഴിയിൽ മുടങ്ങിക്കിടക്കുകയാണ്
-നാട്ടുകാർ