കുട്ടനാട് : വെള്ളപ്പൊക്കത്തെ തുടർന്ന് വാട്ടർ അതോറിട്ടി നിറുത്തിവച്ച കുടിവെള്ളവിതരണം പുനരാരംഭിക്കാത്തതിനാൽ കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിൽ ശുദ്ധജലക്ഷാമം രൂക്ഷമായി. കുടിവെള്ള വിതരണം മുടങ്ങിയിട്ട് ഇപ്പോൾ ഒരാഴ്ച പിന്നിട്ടു.
മുട്ടാർ, രാമങ്കരി പുളിങ്കുന്ന്, കാവാലം തുടങ്ങി കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിലാണ് കുടിവെള്ളപ്രശ്നം കൂടുതൽ രൂക്ഷം. നീരേറ്റുപുറം വാട്ടർട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നുള്ള വെള്ളമാണ് ഈ പ്രദേശങ്ങളിലെ ടാപ്പുകളിൽ എത്തുന്നത് . മഴ കനക്കുകയും കിഴക്കൻ വെള്ളം കുത്തിയൊലിച്ചെത്തുകയും ചെയ്തതോടെ ഈ ട്രീറ്റ്മെന്റ് പ്ലാന്റിലെ പമ്പ് ഹൗസിൽ വെള്ളം കയറുകയും പമ്പിംഗ് നിറുത്തിവയ്ക്കുകയുമായിരുന്നു.
എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും ബദൽ സംവിധാനമൊരുക്കാനോ ഏതെങ്കിലും മാർഗത്തിൽ ഈ പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കുന്നതിനോ വേണ്ട നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. വെള്ളപ്പൊക്കത്തിനൊപ്പം കുടിവെള്ളക്ഷാമം കൂടി രൂക്ഷമായതോടെ ഇവിടങ്ങളിൽ ഏത് നിമിഷവും പകർച്ചവ്യാധികൾ പിടിപെടാനുള്ള സാദ്ധ്യത കൂടുതലാണ്.