മാന്നാർ: വെള്ളപ്പൊക്കത്തിന്റെ ദുരിതത്തിൽ കഴിയുന്ന മാന്നാർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങൾ കൊടിക്കുന്നിൽ സുരേഷ് എം.പി സന്ദർശിച്ചു. പാവുക്കര കരയോഗം എൽ. പി സ്കൂൾ മാന്നാർ നായർ സമാജം സ്കൂൾ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലും എം.പി എത്തി. ചെറിയ മഴ പെയ്താൽ പോലും വെള്ളം കയറുന്ന പൊതുവൂർ കൊച്ചുതറ കോളനിക്ക് ചുറ്റും സംരക്ഷണ ഭിത്തി കെട്ടി മണ്ണിട്ട് ഉയർത്തണമെന്ന് ആവശ്യപ്പെട്ട് കോളനി വാസികൾ കൊടിക്കുന്നിൽ സുരേഷിന് നിവേദനം നൽകി. മുപ്പത്തിയഞ്ചോളം കുടുംബങ്ങൾ താമസിക്കുന്ന കോളനി ദത്ത് കോളനിയായി മാറ്റി മെച്ചപ്പെടുത്തുവാൻ ശ്രമിക്കുമെന്ന് കൊടിക്കുന്നിൽ പറഞ്ഞു. ഷാജി കോവുമ്പുറത്ത്, പ്രമോദ് കണ്ണാടിശ്ശേരി, കല്യാണ കൃഷ്ണൻ, സാബു ട്രാവൻകൂർ, പുഷ്പലത, ഷംഷാദ്, കെ സി അശോകൻ, സി കെ അശോകൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.