ഹരിപ്പാട്: മുൻസിപ്പാലിറ്റി 25 -ാം വാർഡിൽ സ്ഥിതി ചെയ്യുന്ന വെയർഹൗസിങ് കോർപ്പറേഷൻ ഗോഡൗണിൽ ബിവറേജസ് ഔട്ട്ലെറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ രൂപീകരിച്ച സമരസമിതിയുടെ നേതൃത്വത്തിൽ വെയർ ഹൗസിംഗ് കോർപ്പറേഷൻ ഗോഡൗണിന് മുന്നിൽ പ്രതിഷേധ യോഗം നടത്തി. സമര സമിതി കൺവീനർ ജി. എസ്.ബൈജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമര സമിതി രക്ഷാധികാരി പ്രൊഫ. സി.എം ലോഹിതൻ, മദ്യവിരുദ്ധ ജനകീയ മുന്നണി കാർത്തികപ്പള്ളി താലൂക്ക് കൺവീനർ സൗഭാഗ്യ കുമാരി എന്നിവർ സംസാരിച്ചു.നാട്ടുകാരുടെ സ്വൈരജീവിതം തടസപ്പെടുത്തുന്ന വിധത്തിൽ വെയർഹൗസിങ് കോർപ്പറേഷൻ ഗോഡൗണിൽ ബിവറേജസ് ഔട്ട്‌ലെറ്റ് സ്ഥാപിക്കാനുള്ള നീക്കം യാതൊരു കാരണവശാലും അനുവദിക്കാൻ കഴിയില്ലെന്നും അതിനാൽ തുടർന്നുള്ള ദിവസങ്ങളിൽ സമരം കൂടുതൽ ശക്തിപ്പെടുത്തുമെന്നും സി. എം ലോഹിതൻ പറഞ്ഞു. മദ്യവിരുദ്ധ ജനകീയ മുന്നണി കാർത്തികപ്പള്ളി താലൂക്ക് കമ്മിറ്റി അംഗം ടി​. മധു, പ്രദേശവാസിയായ ശാരദ, വിജയമോഹനൻ പിള്ള എന്നിവർ സംസാരിച്ചു.