ആലപ്പുഴ: കൊട്ടാരപ്പാലത്തിന് സമീപം മഹാഗണി മരം കണ്ടെയ്നർ ലോറിയുടെ മുകളിലേക്ക് വീണതിനെത്തുടർന്ന് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ ഏഴോടെയാണ് ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് റൂഫിംഗ് മെറ്റീരിയലുകളുമായി ബംഗളൂരുവിൽ നിന്നെത്തിയ കണ്ടെയ്നർ ലോറിയുടെ മുകളിലേക്ക് മരം വീണത്. ലോറിയിലെ ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു. ആലപ്പുഴയിൽ നിന്ന് അഗ്നി രക്ഷാസേനയെത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത് .അസി. സ്റ്റേഷൻ ഓഫിസർ ടി.സാബുവിന്റെ നേതൃത്വത്തിൽ ഫയർ ഓഫിസർമാരായ ആർ.ഷുഹൈബ്,എ.ജെ.ബഞ്ചമിൻ,കെ.ആർ.അനീഷ് ,ആർ.മഹേഷ് ,രതീഷ് ,ഷൈൻ കുമാർ എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു .