 സഞ്ചാരികൾക്ക് ബുദ്ധിമുട്ടാകുന്നു

ആലപ്പുഴ: വലിയൊരു ഇടവേളയ്ക്ക് ശേഷം ആലപ്പുഴ ബീച്ചിൽ ആളനക്കം വച്ചതോടെ മാലിന്യനിക്ഷേപവും വർദ്ധിക്കുന്നു. സഞ്ചാരികൾക്കും ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിൽ നിയോഗിച്ചിരിക്കുന്ന ശുചീകരണ തൊഴിലാളികൾക്കും തലവേദന സൃഷ്ടിച്ചാണ് ഇവിടെ മാലിന്യ നിക്ഷേപം തുടരുന്നത്. പരിസരത്തെ കച്ചവടക്കാർ കത്തിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾക്ക് പുറമേ, പുറത്ത് നിന്നുള്ള ഡയപ്പർ മാലിന്യമുൾപ്പടെ പല ദിവസങ്ങളിലും ബീച്ചിനോട് ചേർന്നുള്ള ഭാഗങ്ങളിൽ തള്ളുന്നുണ്ട്. എല്ലാ ദിവസങ്ങളിലും രാവിലെ ശുചീകരണ തൊഴിലാളികൾ ബീച്ച് പരിസരം മുഴുവൻ വൃത്തിയാക്കും. വൈകുന്നേരങ്ങളിലും രാത്രിയിലുമാണ് പലരും പ്ലാസ്റ്റിക് കവറിലാക്കിയ മാലിന്യം ഇവിടെ നിക്ഷേപിക്കുന്നത്. തങ്ങളുടെ കടകളിലെ പ്ലാസ്റ്റിക് മാലിന്യം ഉൾപ്പടെ സ്വകാര്യ ഏജൻസി ദിവസവും ശേഖരിക്കാറുണ്ടെന്നും, മാലിന്യം അലക്ഷ്യമായി വലിച്ചെറിയുകയോ ബീച്ചിന്റെ പരിസരത്ത് കത്തിക്കുകയോ ചെയ്യുന്നില്ലെന്നുമാണ് കച്ചവടക്കാർ പറയുന്നത്.

പ്ലാസ്റ്റിക്കിന് പഞ്ഞമില്ല!

സംസ്ഥാനവും കേന്ദ്രവും ഏർപ്പെടുത്തിയ വിലക്കുകളെ മറികടന്ന് പ്ലാസ്റ്റിക് ഉപയോഗം വ്യാപകമായി തുടരുന്നു എന്നതിന് തെളിവാണ് ബീച്ച് പരിസരത്ത് കത്തിച്ചുകൂട്ടുന്ന മാലിന്യ അവശിഷ്ടങ്ങൾ. പ്ലാസ്റ്റിക് കവറുകൾക്ക് പുറമേ, ഭക്ഷ്യവസ്തുക്കളുടെ കവറുകളും, കുപ്പികളും അടക്കം പല ദിവസങ്ങളിലും പാതി കത്തിയ നിലയിൽ ഇവിടെ കാണപ്പെടും.

യോഗം ഇന്ന്

നിരന്തരം തലവേദനയാകുന്ന ബീച്ചിലെ മാലിന്യപ്രശ്നമുൾപ്പടെ ചർച്ച ചെയ്യുന്നതിനായി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. മാലിന്യം നിക്ഷേപിക്കുന്നതിനും കത്തിക്കുന്നതിനും സ്ഥിരം വിലക്ക് ഏർപ്പെടുത്തുന്നതിനുള്ള നടപടികളടക്കം യോഗം ചർച്ച ചെയ്യും. പോർട്ട്, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, മുനിസിപ്പൽ അധികൃതർ എന്നിവരും യോഗത്തിൽ പങ്കെടുക്കും.

ജില്ലയിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന സ്ഥലമാണ് ആലപ്പുഴ ബീച്ച്. പ്രദേശത്തിന്റെ സൗന്ദര്യം നിലനിറുത്താൻ എല്ലാ ദിവസവും തൊഴിലാളികൾ ശുചീകരണം നടത്തുന്നുണ്ട്. എല്ലാവരുടെയും കണ്ണുവെട്ടിച്ച് രാത്രിയുടെ മറവിൽ നടത്തുന്ന മാലിന്യ നിക്ഷേപത്തിനെതിരെ കർശന നടപടിയുണ്ടാകും

- എം.മാലിൻ,

ഡി.ടി.പി.സി സെക്രട്ടറി