s

ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേ ഷട്ടറുകളുടെ സമഗ്ര നവീകരണത്തിനുള്ള റീടെണ്ടറിൽ കരാറുകാരൻ ആവശ്യപ്പെട്ട അധിക തുക സംബന്ധിച്ചുള്ള അന്തിമ തീരുമാനം അടുത്ത മന്ത്രിസഭായോഗത്തിൽ ഉണ്ടായേക്കുമെന്ന പ്രതീക്ഷയിൽ കർഷകർ. ആകെയുള്ള 40 ഷട്ടറുകൾ നിഷ്പ്രയാസം ഉയർത്താനും താഴ്ത്താനും കഴിയുംവിധമുള്ള അറ്റകുറ്റപ്പണികൾക്കായി 3.20 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ജൂണിലാണ് ടെണ്ടർ ക്ഷണിച്ചത്. ടെണ്ടറിൽ കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരൻ പദ്ധതി ചെലവിന്റെ 24.03ശതമാനം അധിക തുക ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥ തലത്തിൽ 10ശതമാനത്തിൽ കൂടുതൽ തുക അനുവദിക്കാൻ കഴിയാത്തതിനാൽ ഇതിൽ തീരുമാനമെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന്, അധിക തുക സംബന്ധിച്ച് തീരുമാനം എടുക്കാൻ ജലവിഭവ വകുപ്പ് അധികൃതർ സർക്കാരിനെ സമീപിക്കുകയായിരുന്നു.

നവീകരണ പദ്ധതിയുടെ ചെലവ് ........... ₹3.20 കോടി

പൂർത്തീകരിക്കേണ്ട കാലദൈർഘ്യം.......600 ദിവസം

സ്പിൽവേയിലെ ആകെ ഷട്ടറുകൾ ............40

വൈദ്യുതി കേബിളുകൾ മോഷണം പോയി

സ്പിൽവേ പാലത്തിലെ 40 ഷട്ടറുകളിൽ ഒരെണ്ണം പോലും വൈദ്യുതീകരിച്ചിട്ടില്ല. 28 ഷട്ടറുകളുടെ കേബിൾ 2020 സെപ്തംബറിൽ മോഷ്ടിക്കപ്പെട്ടിരുന്നു. ഷട്ടറുകളുടെ മോട്ടോറും കൺട്രോൾ പാനലുമായി ബന്ധിപ്പിക്കുന്ന മൂന്ന് മീറ്റർ നീളമുള്ള കേബിളുകളാണ് മോഷ്ടിച്ചത്. ഇതിന് ആറുമാസം മുമ്പ് പാലത്തിലുണ്ടായ വാഹനാപകടത്തിൽ 12 ഷട്ടറുകളുടെ കേബിളുകൾ പൊട്ടിനശിച്ചു. ഇക്കുറി വെള്ളം പൊങ്ങിയപ്പോൾ പൊഴിമുഖം തുറന്നെങ്കിലും എല്ലാ ഷട്ടറുകളും ഉയർത്താൻ കഴിയാതിരുന്നതിനെ തുടർന്ന് ജെ.സി.ബിയുടെ സഹായം തേടി.

കൃഷിക്ക് ഭീഷണി

സ്പിൽവേ ഷട്ടറുകൾ കൃത്യമായി അടയ്ക്കാനും തുറക്കാനും കഴിയാത്തത് കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളിലെ 30,000 ഹെക്ടർ കൃഷിയെ ദോഷകരമായി ബാധിക്കും. പാലത്തിലെ ഷട്ടറുകളുടെ ഇരുവശവുമുള്ള പാളിയിലൂടെ ഉപ്പുവെള്ളം കയറാതിരിക്കുന്നതിനുള്ള സംവിധാനവും ഒരുക്കണം. സാധാരണ നിലയിൽ 1.5 ശതമാനത്തിന് മേൽ ഉപ്പിന്റെ അംശം വെള്ളത്തിൽ ഉണ്ടായാൽ നെൽകൃഷിയെ ദോഷകരമായി ബാധിക്കും.

"ഷട്ടറുകളുടെ നവീകരണത്തിനുള്ള പദ്ധതി കരാർ മന്ത്രിസഭ അംഗീകരിച്ച് ഉറപ്പിച്ചാൽ മൂന്ന് വേനൽക്കാലം കൊണ്ട് (600 ദിവസം) പ്രവൃത്തികൾ പൂർത്തിയാക്കും.

- സതീശൻ, എക്‌സിക്യുട്ടീവ് എൻജിനിയർ,

മെക്കാനിക്കൽ വിഭാഗം, ഇറിഗേഷൻ വകുപ്പ്