s

കുട്ടനാട്ടിൽ ആശങ്ക വിട്ടൊഴിയുന്നില്ല

ആലപ്പുഴ : മഴ ഭീഷണി ഒഴിയാത്തതും കിഴക്കൻവെള്ളത്തിന്റെ ഒഴുക്കിന് കുറവില്ലാത്തതും കുട്ടനാട്ടുകാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. ചൊവ്വാഴ്ചയും ബുധനാഴ്ച പകലും മഴ മാറിനിന്നപ്പോൾ ജലനിരപ്പിൽ നേരിയ കുറവുണ്ടായെങ്കിലും ബുധനാഴ്ച രാത്രിയിൽ പെയ്ത ശക്തമായ മഴ കാര്യങ്ങൾ മാറ്റിമറിച്ചു. ഇന്നലെ അപ്പർ കുട്ടനാട്ടിൽ ഒരടിയോളവും കുട്ടനാട്ടിൽ അരയടിയോളവും വെള്ളം ഉയർന്നു. ഇന്നലെ ഉച്ചകഴിഞ്ഞും മഴ ശക്തമായി. മുൻ വർഷങ്ങളിലേക്കാൾ കനത്ത സുരക്ഷാമുൻകരുതൽ കുട്ടനാട്ടിൽ ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്.

നീരേറ്റുപുറം, കാവാലം, നെടുമുടി,പള്ളാത്തുരുത്തി എന്നിവിടങ്ങളിൽ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. വേമ്പനാട്ട് കായലിലെയും തോട്ടപ്പള്ളി സ്പിൽവേയിലെയും ശക്തമായ നീരൊഴുക്ക് കുട്ടനാട്ടിലെ വെള്ളം കടലിലേക്ക് ഒഴുകിപ്പോകാൻ സഹായിക്കുന്നുണ്ട്. തോട്ടപ്പള്ളി സ്പിൽവേയിലെ 39 ഷട്ടറുകൾ ഉയർത്തി. ഏറ്റവും താഴ്ന്ന പ്രദേശമായ കൈനകരിയിൽ ഇത്തവണ വെള്ളം അപകടകരമായ രീതിയിൽ ഉയരാത്തത് കടലിലേക്ക് നല്ല രീതിയിൽ വെള്ളം ഒഴുകി മാറുന്നതുകൊണ്ടാണെന്ന് കർഷകർ പറയുന്നു. എ.സി റോഡിന്റെ തെക്ക്-കിഴക്ക് ഭാഗത്താണ് ജലനിരപ്പ് ഉയർന്ന് നിൽക്കുന്നത്. ഇവിടെ ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല. പുളിങ്കുന്നിൽ കൃഷി കുറവായതിനാൽ വെള്ളക്കെട്ട് രൂക്ഷമാണ്. അ‌ഞ്ച് ദിവസമായി ജലഗതാഗതം മാത്രമാണ് ഇവിടെയുള്ളവർക്ക് ആശ്രയം. അപ്പർ കുട്ടനാട്ടിൽ നെടുമ്പ്രം,നിരണം,മുട്ടാർ,തലവടി,എടത്വ ,വീയപുരം എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്.

ജാഗ്രത ശക്തം

 ജില്ലയിൽ ഫയർ ആൻഡ് റസ്ക്യൂ സേനയ്ക്ക് അനുവദിച്ച 14 സ്പീഡ് റെസ്ക്യൂ ബോട്ടുകളിൽ 6 എണ്ണം സജ്ജം

 മടവീഴ്ച മുന്നിൽ കണ്ട് കുട്ടനാട്ടിലെ എല്ലാ പഞ്ചായത്തിലും ജാഗ്രതാസമിതിയും സ്ക്വാഡും രൂപീകരിച്ചു

 ഓരോ പഞ്ചായത്തിലും രൂപീകരിച്ച ഗ്രൂപ്പിൽ 20 അംഗങ്ങൾ വീതം

നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം
പ്രകൃതിക്ഷോഭത്തിൽ കാർഷിക വിളകൾ നഷ്ടമായവർക്ക് ദുരിതാശ്വാസ തുക ലഭിക്കുന്നതിന് www.aims.kerala gov. In മുഖേന അപേക്ഷിക്കാം. ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, കരം അടച്ച രസീത്, പാട്ടകൃഷി ആണെങ്കിൽ സ്ഥലം ഉടമസ്ഥരുടെ കരമടച്ച രസീത്, പാട്ടക്കരാർ എന്നിവയുടെ പകർപ്പും അപേക്ഷയോടൊപ്പം സമർപ്പിക്കണം.

സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതി പ്രകാരം ഇൻഷ്വർ ചെയ്ത വിളകൾ നശിച്ചവർക്കും പോർട്ടൽ മുഖേന അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടണം.