ആലപ്പുഴ: കാലാവസ്ഥയും സാങ്കേതികപ്രശ്നങ്ങളും വില്ലനായില്ലെങ്കിൽ,അനിശ്ചിതത്വത്തിന്റെ പതിനെട്ട് രാപ്പകലുകൾക്കൊടുവിൽ പടക്കപ്പൽ ഇൻഫാക്ട് ടി 81 ഇന്ന് ആലപ്പുഴയിലെ കടൽമണ്ണിൽ നങ്കൂരമിടും. ബൈപ്പാസിൽ കൂടി കപ്പൽ ബീച്ചിലെത്തിക്കാനുള്ള നീക്കത്തിന് ദേശീയപാത വിഭാഗത്തിന്റെ അനുമതി ലഭിക്കാതായതോടെ റൂട്ട് തിരിച്ച് റെയിൽപ്പാളം കടന്ന് ബീച്ചിലെത്തിക്കാനാണ് ഇപ്പോൾ തീരുമാനം. പാം മുറിച്ചു കടക്കുന്നതിനുള്ള അനുമതി റെയിൽവേയിൽ നിന്ന് ലഭിച്ചു. ഇതിനുള്ള അനുമതി പത്രം റെയിൽവേ അധികൃതരിൽ നിന്ന് ഇന്നലെ രാവിലെ 11ന് കൈപ്പറ്റിയതായി മുസിരിസ് ഹെറിറ്റേജ് പ്രൊജക്ട് എം.ഡി നൗഷാദ് അറിയിച്ചു. പൈതൃക പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ബീച്ചിലെ പോർട്ട് മ്യൂസിയത്തിലാണ് കപ്പൽ സ്ഥാപിക്കുക. കെ.എസ്.ഇ.ബിയും ട്രാഫിക് പൊലീസും അനുവദിച്ച് നൽകുന്ന സമയത്ത് രാവിലെ തന്നെ കപ്പലിന്റെ തുടർയാത്ര ആരംഭിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
പുതിയ റൂട്ട്
നിലവിൽ കപ്പൽ കിടക്കുന്ന കൊമ്മാടിയിൽ നിന്ന് പിന്നോട്ട് സഞ്ചരിച്ച് ശവക്കോട്ടപാലത്തിൽ എത്തിച്ച് യു ടേൺ എടുത്ത് കണ്ണൻവർക്കി പാലം - മുപ്പാലം - കല്ലൻ പാലം - കളക്ടറുടെ വസതിക്ക് സമീപത്തെ റെയിൽ പാളം വഴി ബീച്ചിലെത്തും.
രാത്രി 9.30
രാത്രി 9.30ന് ജില്ലാ കളക്ടറുടെ വസതിക്ക് സമീപമുള്ള റെയിൽ പാളത്തിൽ പടക്കപ്പൽ എത്തിക്കണമെന്നാണ് റെയിൽവേ നിർദ്ദേശിച്ചിട്ടുള്ളത്. ട്രെയിനിന്റെ ഗതാഗത സമയത്തിന് അനുസൃതമായി പാളം കടക്കാനുള്ള സമയം റെയിൽവേ അനുവദിച്ച് നൽകും.
പെട്ടുപോയ 18 ദിനങ്ങൾ
കൊച്ചിയിൽ നിന്ന് വേമ്പനാട്ട് കായലിലൂടെ തണ്ണീർമുക്കത്തെത്തിച്ച കപ്പൽ ദേശീയപാതയിലൂടെ ദിവസങ്ങളെടുത്താണ് ആലപ്പുഴ ബൈപാസിലെത്തിച്ചത്. തുടർയാത്രയ്ക്ക് സാങ്കേതിക അനുമതി ലഭിക്കാതിരുന്നതിനാൽ ഒക്ടോബർ 2ന് കൊമ്മാടി ടോൾ ഗേറ്റിന് സമീപം പടക്കപ്പലും വഹിച്ചുകൊണ്ടുള്ള വാഹനം കിടപ്പായി. 106 ചക്രങ്ങളുള്ള മൾട്ടി ആക്സസ് പുള്ളറിലാണ് കപ്പൽ കയറ്റിയിരിക്കുന്നത്. ബൈപാസ് ഫ്ലൈഓവറിൽ കപ്പൽ കയറ്റുന്നതിനും അവിടെ നിന്ന് ക്രെയിൻ ഉപയോഗിച്ച് താഴെ ഇറക്കുന്നതിനുമുള്ള പദ്ധതിയാണ് ഇത്രയും കാലതാമസത്തിലേക്ക് നയിച്ചത്. കപ്പൽ റോഡ് മാർഗം കൊണ്ടുവരുന്നതിനെ റെയിൽവേ തുടക്കത്തിൽ എതിർത്തിരുന്നു.
വൈദ്യുതി മുടങ്ങും
പടക്കപ്പൽ കൊണ്ടുപോകുന്നതിനെത്തുടർന്ന് കൊമ്മാടി, കളപ്പുര, ആറാട്ടുവഴി, ശവക്കോട്ട പാലം, കോൺവന്റ് സ്ക്വയർ ജംഗ്ഷൻ, പാസ്പോർട്ട് ഓഫീസ്, കൊച്ചുകടപ്പാലം, ഡച്ച് സക്വയർ ജംഗ്ഷൻ, കറുത്തകാളി പാലം, കളക്ടർ ബംഗ്ലാവ്, വിജയ പാർക്ക് എന്നീ പരിസരങ്ങളിൽ ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കപ്പലിന്റെ തുടർയാത്ര ഇന്ന് രാവിലെ പുനരാരംഭിക്കും. വൈദ്യുതി ലൈനുകൾ ഓഫ് ചെയ്തും ട്രാഫിക് ക്രമീകരണം ഒരുക്കിയും കെ.എസ്.ഇ.ബിയും പൊലീസും സഹകരിക്കുന്ന മുറയ്ക്ക് തുടർയാത്രയ്ക്ക് തുടക്കമാകും
- നൗഷാദ്, മുസിരിസ് ഹെറിറ്റേജ് പ്രൊജക്ട് എം.ഡി