tv-r

അരൂർ: എൺപതാം വയസിലും വീട്ടുമുറ്റത്തൊരുക്കിയ നെൽപ്പാടത്ത് നൂറുമേനി വിളവ്. തുടർച്ചയായി മൂന്നാം വർഷമാണ് റിട്ട. അദ്ധ്യാപകനായ അരൂർ പഞ്ചായത്ത് ആറാം വാർഡ് ജമീലാ മൻസിലിൽ അബ്ദുൽ ഖാദർ മാഷ് നെൽകൃഷി ചെയ്യുന്നത്.

ഔഷധ ഗുണമുള്ള രക്തശാലി നെല്ലാണ് വിളയിച്ചത്. 40 സെന്റ് വരുന്ന പുരയിടത്തിലെ പതിനഞ്ച് സെന്റ് സ്ഥലത്താണ് കൃഷി. മണ്ണിനോടുള്ള ഇഷ്ടം മൂലം വർഷങ്ങളായി ജൈവപച്ചക്കറി കൃഷിയും നടത്തുന്നുണ്ട്. കൃഷപ്പണികളിൽ ഭൂരിഭാഗവും മാഷ് ഒറ്റയ്ക്കാണ് ചെയ്യുന്നത്. പ്രായത്തിന്റെ അവശത ഇടയ്ക്ക് അലട്ടുന്നുണ്ടെങ്കിലും കൃഷിയെ ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറല്ല.

പച്ചക്കറി വിത്തുകൾ സൗജന്യമായും വിതരണം ചെയ്യുന്നുണ്ട്. രക്തശാലി കൂടാതെ ജപ്പാൻ പൈലറ്റ് എന്ന ഇനം നെൽ വിത്തും പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്. മന്ത്രി പി. പ്രസാദാണ് വിത്ത് വിത ഉദ്ഘാടനം ചെയ്തത്. രക്തശാലിയുടെ വിളവെടുപ്പ് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസും പച്ചക്കറി വിളവെടുപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ബിജുവും ഉദ്ഘാടനം ചെയ്തു. കുത്തിയതോട് കൃഷി അസി. ഡയറക്ടർ റെയ്ച്ചൽ സോഫിയ അലക്സാണ്ടർ, കൃഷി ഓഫീസർ ആനി.പി. വർഗീസ്, പഞ്ചായത്ത് അംഗങ്ങളായ സീനത്ത് ഷിഹാബുദ്ദീൻ, കെ.എം. ഇബ്രാഹിം കുട്ടി, എൻ.എം. സജിത, ചന്ദ്രിക സുരേഷ്, എ.ആർ. കരുണാകരപിള്ള, പി.എം. അജിത്ത്കുമാർ കെ.പി. ദിലീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

""

യുവ തലമുറ കൃഷിയിലേയ്ക്ക് കടന്നുവന്നാൽ മാത്രമേ പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തത നേടാൻ സാധിക്കൂ.

അബ്ദുൾ ഖാദർ,​

റിട്ട. അദ്ധ്യാപകൻ