ആലപ്പുഴ: സംസ്ഥാനത്ത് മഴക്കെടുതിയിൽ കൃഷിനാശം നേരിട്ട കർഷകർക്ക് സഹായം അടിയന്തരമായി ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. മടവീഴ്ചയുണ്ടായ ചെറുതന തേവേരി - തണ്ടപ്ര പാടശേഖരം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ധനസഹായത്തിനായി ഇതുവരെ ലഭിച്ച എല്ലാ അപേക്ഷകളിലും നവംബർ 10നകം നടപടികൾ പൂർത്തീകരിക്കും. കഴിഞ്ഞ ദിവസങ്ങളിൽ കൃഷിനാശം നേരിട്ടവർ പത്തു ദിവസത്തിനകം അപേക്ഷ നൽകിയാൽ മതിയാകും. നേരിട്ടോ അക്ഷയ വഴി ഓൺലൈനായോ അപേക്ഷ നൽകാം. ഇതിന് കഴിയാത്തവരുടെ അപേക്ഷ സ്വീകരിക്കുന്നതിന് അതത് പ്രദേശങ്ങളിലെ കൃഷിഭവനുകളിൽ ക്രമീകരണം ഏർപ്പെടുത്തി. അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളിൽ സ്ഥലം സന്ദർശിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് റിപ്പോർട്ട് നൽകാൻ കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.