ഹരിപ്പാട്: മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവത്തിന് മുന്നോടിയായി നടത്തിവരുന്ന, അനുബന്ധ കാവുകളിലെ പൂജകൾ തുടങ്ങി. പ്രതിഷ്ഠക്കാവ് എന്ന് വിളിക്കപ്പെടുന്ന നാഗയക്ഷിക്കാവിലാണ് ആചാരപ്രകാരമുള്ള കാവിൽ പൂജകളുടെ ആരംഭം. കാവു മാറ്റത്തിലൂടെ അന്യദിക്കുകളിൽ നിന്നുമുള്ള സർപ്പ ചൈതന്യങ്ങളെ മണ്ണാറശാലയിൽ പ്രതിഷ്ഠിക്കപ്പെടുന്നത് ഈ കാവിലാണ്. ഒക്ടോബർ 28 ന് പുണർതം നാളിൽ ആലക്കോട്ടു കാവിലും എരിങ്ങാടപ്പള്ളിക്കാവിലും നടക്കുന്ന പൂജകളോടെയാണ് ഈ ചടങ്ങ് പൂർത്തിയാകുന്നത്. ആചാരാനുഷ്ഠാനങ്ങൾ പാലിച്ചു കൊണ്ട് ഒക്ടോബർ 30 നാണ് ഈ വർഷത്തെ മണ്ണാറശാല ആയില്യം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജില്ലാ ഭരണകൂടത്തിന്റെ മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് നിയന്ത്രിതമായ രീതിയിലായിരിക്കും ഭക്തജനങ്ങളെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുക.