അമ്പലപ്പുഴ: കച്ചേരി മുക്കിലെ ഹൈമാസ്റ്റ് ലൈറ്റ് തെളിയാതായിട്ട് മാസങ്ങൾ പിന്നിടുന്നു. ദേശീയപാതയും അമ്പലപ്പുഴ -തിരുവല്ല സംസ്ഥാന പാതയും ചേരുന്ന പ്രധാന ജംഗ്ഷൻ ഇതോടെ കൂരിരുട്ടിലാണ്.
വാഹന യാത്രക്കാരും ജംഗ്ഷനിലെ വ്യാപാരികളുമാണ് ദുരിതം അനുഭവിക്കുന്നത്. ഏഴ് വർഷം മുമ്പ് കെ.സി. വേണുഗോപാൽ എം.പിയുടെ ഫണ്ടിൽ നിന്ന് പത്തുലക്ഷം രൂപ ചെലവഴിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്. കായംകുളം എൻ.ടി.പി.സിയായിരുന്നു സ്ഥാപിച്ചത്. അറ്റകുറ്റപ്പണികളുടെ ചുമതല അമ്പലപ്പുഴ തെക്ക് പഞ്ചായത്തിനാണ്.
ദേശീയപാതയിൽ നിന്ന് സംസ്ഥാന പാതയിലേക്കും തിരിച്ചും പ്രവേശിക്കുന്ന പ്രധാന കവാടത്തിലെ ലൈറ്റുകൾ തെളിയാതായിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ആക്ഷേപം.