മാന്നാർ: ചെന്നിത്തല സൗത്ത് പതിനേഴാം വാർഡിൽ തറയിൽപടി - കണ്ണാമാലിൽ റോഡിൽ ചെന്നിത്തല കുടുംബ ആരോഗ്യ കേന്ദ്രത്തിലെ സബ് സെന്ററിന് സമീപം വെള്ളപ്പൊക്കത്താൽ മുങ്ങിയ സ്ഥലത്ത് ഒഴുക്കിയ ശുചിമുറി മാലിന്യം അഗ്നി രക്ഷാ സേന വൃത്തിയാക്കി. കാൽനടയാത്രക്കാരും മറ്റും ദുർഗന്ധം വമിക്കുന്ന വിവരം അറിയിച്ചതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് അംഗം അഭിലാഷ് തൂമ്പിനാത്ത് മാവേലിക്കര ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി ശുചീകരണം നടത്തി. സമീപകാലത്തായി വലിയ പെരുമ്പുഴ പാലത്തിന് സമീപം ഭക്ഷണ അവശിഷ്ടവും മാലിന്യങ്ങളും തള്ളുന്നതു പതിവാണ്. മഴക്കാലമായതിനാൽ രോഗങ്ങൾ പടർന്ന് പിടിക്കാൻ സാദ്ധ്യതയുള്ളതിനാൽ രാത്രി കാലങ്ങളിൽ ഈ പ്രദേശങ്ങളിൽ പൊലീസ് പട്രോളിംഗ് ഊർജിതമാക്കണമെന്ന് ഗ്രാമപഞ്ചായത്ത് അംഗം അഭിലാഷ് തൂമ്പിനാത്ത് ആവശ്യപ്പെട്ടു.