മാന്നാർ: വെള്ളപ്പൊക്കത്താൽ വീട് വിട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ ജില്ലാ കളക്ടർ എ. അലക്‌സാണ്ടർ സന്ദർശിച്ചു. മാന്നാറിൽ അഞ്ച് സ്കൂളുകളിലെ ക്യാമ്പുകളിലും ഗ്രുവൽ സെന്ററുകളിലുമായി 370 കുടുംബങ്ങളിൽ നിന്ന് 1400 പേർ കഴിയുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളായ നായർ സമാജം ഗേൾസ് ഹൈസ്കൂൾ, അക്ഷയ എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ ആയിരുന്നു കളക്ടറുടെ സന്ദർശനം. ഇന്നലെ രാവിലെ പതിനൊന്നരയോട് കൂടി എത്തിയ അദ്ദേഹം ക്യാമ്പ് അംഗങ്ങളെ നേരിൽക്കണ്ട് വിവരങ്ങൾ ചോദിച്ചറിയുകയും ക്യാമ്പിന്റെ പ്രവർത്തനങ്ങളിൽ സന്തുഷ്ടി പ്രകടിപ്പിക്കുകയും ചെയ്തു. മാന്നാറിന്റെ പടിഞ്ഞാറൻ മേഖലയിൽ വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്നവരെ വീടുകളിൽ നിന്നും മാറ്റി പാർപ്പിക്കാൻ വെള്ളം കയറാത്ത രീതിയിൽ ഒന്നോ രണ്ടോ കെട്ടിടങ്ങൾ നിർമിച്ചുനൽകണമെന്ന് ജില്ലാ കളക്ടറോട് മാന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വി രത്‌നകുമാരി കളക്ടറോട് അഭ്യർത്ഥിച്ചു. മാന്നാർ അക്ഷയ സ്കൂളിൽ കഴിയുന്ന കിടപ്പുരോഗി പാവുക്കര പന്തലാറ്റിച്ചിറയിൽ മണലിതെക്കേതിൽ രാജൻ ആശാരിയുടെ അവസ്ഥ നേരിൽക്കണ്ട കളക്ടർ കൂടുതൽ വിവരങ്ങൾ വാർഡ് മെമ്പർ സെലീന നൗഷാദിൽ നിന്നും ചോദിച്ചറിയുകയും അടച്ചുറപ്പില്ലാത്ത വീട്ടിൽ വിധവയായ മകളും കൊച്ചു മക്കൾക്കുമൊപ്പം കഴിഞ്ഞിരുന്ന രാജൻ ആശാരിക്ക് വീട് നിർമ്മിക്കുന്നതിനുള്ള സാഹചര്യം ഒരുക്കാൻ വേണ്ട നടപടിക്കായി വില്ലേജ് ഓഫിസർക്ക് നിർദ്ദേശം നൽകി. മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് രത്നകുമാരി, സ്ഥിരംസമിതി അദ്ധ്യക്ഷൻ സലിം പടിപ്പുരക്കൽ, പഞ്ചായത്ത് അംഗങ്ങളായ സുജാത മനോഹരൻ, സലീനന നൗഷാദ്, സുനിത എബ്രഹാം, വി ആർ ശിവപ്രസാദ്, ഷൈന നവാസ്, മാന്നാർ, കുരട്ടിശ്ശേരി, വില്ലേജുകളിലെ ഓഫീസർമാർ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ കളക്ടറെ അനുഗമിച്ചു.