ഹരിപ്പാട്: മഴക്കെടുതിയിൽ സംസ്ഥാനത്ത് കൃഷിനാശം നേരിട്ട കർഷകർക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിന് നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. മടവീഴ്ചയുണ്ടായ ചെറുതന തേവേരി തണ്ടപ്ര പാടശേഖരം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതുവരെ ലഭിച്ച അപേക്ഷകളിൽ നവംബർ പത്തിനകം നടപടികൾ പൂർത്തീകരിക്കും. കഴിഞ്ഞ ദിവസങ്ങളിൽ കൃഷിനാശം നേരിട്ടവർ പത്ത് ദിവസത്തിനകം അപേക്ഷിച്ചാൽ മതിയാകും. നേരിട്ടോ അക്ഷയ മുഖേനയോ ഓൺലൈനായി അപേക്ഷിക്കാം. ഇതിന് കഴിയാത്തവരുടെ അപേക്ഷ സ്വീകരിക്കുന്നതിന് അതത് പ്രദേശങ്ങളിലെ കൃഷിഭവനുകളിൽ ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളിൽ സ്ഥലം സന്ദർശിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്. ഇതിനുശേഷമുള്ള നടപടികളും അതിവേഗം പൂർത്തീകരിക്കും.
മടവീഴ്ച്ചയ്ക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുള്ള സാദ്ധ്യതകൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, മണ്ഡലം സെക്രട്ടറി കെ. കാർത്തികേയൻ, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എ. ശോഭ, ചെറുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു, ജനപ്രതിനിധികൾ, പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസർ ആർ. ശ്രീരേഖ, ഡെപ്യൂട്ടി ഡയറക്ടർ സഫീന, കൃഷി വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളും മന്ത്രി സന്ദർശിച്ചു.