ചേർത്തല : അർത്തുങ്കൽ സ്രാമ്പിക്കലിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി നിർമ്മൽ രാജേഷിന്റെ (14)മരണം പേവിഷബാധയെന്നു സ്ഥീരീകരിച്ചതോടെ വിഷബാധയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടങ്ങി. ഇതിനായി മൃഗസംരക്ഷണ വകുപ്പിന്റെയും സഹകരണം തേടി. നിർമ്മലിന്റെ തലച്ചോറിന്റെ സാമ്പിൾ തിരുവനന്തപുരത്തെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിലേക്ക് അയച്ചതിന്റെ ഫലമാണ് ഇന്നലെ ലഭിച്ചത്. കുട്ടിയുടെ വീട്ടിലെ വളർത്തു നായയെയാണ് പ്രധാനമായും നിരീക്ഷിക്കുന്നത്. പ്രാഥമിക പരിശോധനയിൽ ഇതിന് പേവിഷബാധയുള്ളതായി കണ്ടെത്താനായിട്ടില്ലെങ്കിലും കൂടുതൽ പരിശോധനകൾ നടത്തണമെന്നാണ് അധികൃതരുടെ വിശദീകരണം.
16നാണ് ശാരീരിക അസ്വസ്ഥതകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച നിർമ്മൽ മരിച്ചത്. നായയിൽ നിന്നും മുറിവേറ്റിട്ടും അറിയിക്കാത്തതാണ് മരണകാരണമായതെന്നാണ് വിലയിരുത്തൽ. ആന്തരിക അവയവങ്ങളുടെ സാമ്പിൾ ബംഗ്യൂരുവിലെ നാഷണൽ ഇൻസിട്ട് ഒഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസിലേക്ക് അയച്ചിട്ടുണ്ട്.
വിവരമറിഞ്ഞതോടെ പ്രദേശമാകെ ആശങ്കയിലാണ്.ആശങ്കയകറ്റാൻ ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്ന് ബോധവത്കരണ ക്ലാസുകൾ ആരംഭിച്ചു.അർത്തുങ്കലിൽ നടന്ന ക്ലാസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ടോമി ഏലേശേരി,ആരോഗ്യവകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.