tv-r

ജ്യേഷ്ഠൻ ഒളി​വി​ൽ

തുറവൂർ: ദുരൂഹസാഹചര്യത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ജ്യേഷ്ഠ സഹോദരന്റെ മർദ്ദനത്തെ തുടർന്നാണ് മരണമെന്ന സൂചനയെ തുടർന്ന് കുത്തിയതോട് പൊലീസ് അന്വേഷണമാരംഭിച്ചു. കുത്തിയതോട് പഞ്ചായത്ത് ഒന്നാം വാർഡ് പള്ളിത്തോട് ചെട്ടിവേലിയകത്ത് തങ്കച്ചന്റെയും മേഴ്സിയുടെയും മകൻ ഷാർബിൻ (ഇമ്മാനുവേൽ ,24) ആണ് മരിച്ചത്.

ദിവസങ്ങൾക്ക് മുൻപ് പുലർച്ചെ വീട്ടി​ൽ പരിക്കേറ്റ നിലയിൽ കാണപ്പെട്ട ഷാർബിനെ മാതാപിതാക്കൾ ചേർന്ന് തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വീട്ടിലേയ്ക്ക് മടങ്ങിയെങ്കിലും വീണ്ടും ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ഷാർബിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഇവി​ടെ നടത്തിയ വിശദമായ പരിശോധനയിൽ തലയ്ക്ക് ക്ഷതം ഏറ്റതായും തലയ്ക്കുള്ളിൽ രക്തസ്രാവമുള്ളതായും കണ്ടെത്തി. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കപ്പെട്ട ഷാർബിൻ ചൊവാഴ്ച്ച രാത്രിയാണ് മരിച്ചത്. പുലർച്ചേ മത്സ്യ ബന്ധനത്തിനു പോകുന്നതിന് മുൻപ് ഷാർബിനും ജ്യേഷ്ഠനായ ഷാരോണും തമ്മിൽ സംഘർഷം ഉണ്ടായതായും ഷാരോൺ ഒളിവിലാണെന്നും കുത്തിയതോട് സി ഐ പി.ജെ. പ്രദീപ് പറഞ്ഞു.