ആലപ്പുഴ: നഗരത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾക്ക് എത്തിപ്പെടണമെങ്കിൽ നടുവൊടിയും. ജില്ലാ കോടതി പാലം മുതൽ പുന്നമട ജെട്ടി വരെയും തോണ്ടൻകുളങ്ങര മുതൽ കിഴക്കോട്ടുമുള്ള റോഡും പൂർണമായി തകർന്നു.
തത്തംപള്ളി വാർഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിൽ ദിനം പ്രതി നിരവധി രോഗികളാണ് ചികിത്സയ്ക്ക് എത്തുന്നത്. ഗർഭിണികളാണ് ഏറെ പ്രയാസം നേരിടുന്നത്. ഇരു ചക്രവാഹനത്തിലും ഓട്ടോറിക്ഷയിലും സാഹസികമായാണ് യാത്ര. പുന്നമട ഫിനിഷിംഗ് പോയിന്റ് ഹൗസ്ബോട്ട് യാത്രയ്ക്ക് എത്തിപ്പെടേണ്ടവർ ഈ റോഡിലൂടെ വേണം സഞ്ചരിക്കാൻ. ശക്തമായ മഴയിൽ റോഡ് വീണ്ടും തകർന്നിരിക്കുകയാണ്. വെള്ളക്കെട്ട് കാരണം കുഴികൾ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ്. നിരവധി യാത്രക്കാരാണ് കുഴിയിൽ വീണ് അപകടത്തിൽ പെടുന്നത്.
പുന്നമട, തത്തംപള്ളി, ജില്ലാ കോടതിയിലേക്കുള്ള ഇടറോഡുകൾ എന്നിവ നഗരസഭയുടെ അധീനതയിലാണുള്ളത്. എന്നാൽ പ്രധാന റോഡുകൾ നവീകരിക്കേണ്ടത് പൊതുമരാമത്ത് വകുപ്പാണ്. നെഹ്റുട്രോഫി വള്ളം കളി ഇക്കൊല്ലം നടത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഉടൻ നിർമ്മാണ പ്രവർത്തനം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തടസമായത് അമൃത് പദ്ധതി
അമൃത് പദ്ധതിയുടെ ഭാഗമായി ശുദ്ധജല പൈപ്പുകൾ സ്ഥാപിക്കാൻ റോഡിന്റെ ഇരുവശം കുഴിച്ചതാണ് ടാറിംഗിന് തടസമായത്. പഴയ ശുദ്ധജല പൈപ്പ് ലൈനുകൾ മാറ്റി പുതിയത് സ്ഥാപിച്ചെങ്കിലും ഭൂരിഭാഗം സ്ഥലങ്ങളിലും വാട്ടർ അതോറിട്ടിയുടെ കണക്ഷൻ ലഭ്യമായിട്ടില്ല. ഇതിന്റെ നടപടി ക്രമങ്ങൾ നടക്കുകയാണ്. ഇപ്പോൾ റോഡ് ടാർ ചെയ്താൽ പൈപ്പ് ലൈനുവേണ്ടി ഉടൻ റോഡ് പൊളിക്കാൻ പൊതുമരാമത്ത് വകുപ്പ് അനുവദിക്കില്ല. പ്രദേശത്ത് അമൃത് പൈപ്പ് ലൈൻ ചാജിംഗ് നടക്കുകയാണ്. മഴ പദ്ധതി നടത്തിപ്പിന് താമസമാകുന്നുണ്ട്.
25 കോടി
നഗരസഭയുടെ 52 വാർഡുകളിലേക്ക് അമൃത് പദ്ധതി റോഡ് നവീകരണത്തിന് വാട്ടർ അതോറിട്ടി 25 കോടി അനുവദിച്ചു
17 കോടി
ഇതിൽ 17 കോടി രൂപയുടെ ടെണ്ടർ നടപടി പൂർത്തിയായി. ബാക്കി തുക ഉടൻ വാട്ടർ അതോറിട്ടി അനുവദിക്കും
''
അമൃത് പദ്ധതിക്കായാണ് പാതയുടെ ഇരുവശവും പൊളിച്ചത്. പൈപ്പ് ലൈനിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. വെള്ളം ഇറങ്ങിയാലുടൻ ഇടറോഡുകളുടെ നിർമ്മാണം ആരംഭിക്കും. പുന്നമടയിൽ നാലാം ഘട്ട നിർമ്മാണം പൂത്തിയായി.
സൗമ്യാ രാജ്, നഗരസഭ ചെയർപേഴ്സൺ
''
റോഡ് നവീകരണത്തിനുള്ള ഫണ്ട് വകയിരുത്തി ടെണ്ടർ നടപടികൾ പൂർത്തിയാക്കി. അടുത്ത ആഴ്ച റോഡ് നവീകരണം ആരംഭിക്കും.
പൊതുമരാമത്ത് വകുപ്പ് അധികൃതർ