അമ്പലപ്പുഴ: കാലാവധിക്ക് പത്തുദിവസം മുമ്പേ പണി പൂർത്തിയാക്കി പക്കി പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു. ആലപ്പുഴ - ചങ്ങനാശേരി റോഡിൽ കൈതവന ജംഗ്ഷന് കിഴക്കുള്ള പാലമാണ് തുറന്നു നൽകിയത്. റോഡ് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് വീതി കൂട്ടുന്നതിനാണ് പാലം പൊളിച്ചത്. 72 ദിവസമായിരുന്നു നിർമ്മാണ കാലാവധിയെങ്കിലും 10 ദിവസം മുമ്പ് കരാറേറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി പണികൾ പൂർത്തിയാക്കി. അമ്പലപ്പുഴ, കുട്ടനാട് എം.എൽ.എ മാരായ എച്ച്. സലാം, തോമസ്.കെ. തോമസ് എന്നിവർ ചേർന്നാണ് പാലം തുറന്ന് നൽകിയത്. പക്കി പാലത്തിന് കിഴക്കുള്ള പൊങ്ങ പാലം വീതി കൂട്ടുന്നതിന് പൊളിച്ചെങ്കിലും കാലാവധിക്ക് 20 ദിവസം മുമ്പ് പണി പൂർത്തിയാക്കിയിരുന്നു. എ - സി റോഡിലെ പാറശേരി, മാധവശേരി പാലങ്ങൾ ഉടൻ പൊളിച്ച് പുനർനിർമ്മിക്കും. ഇതിനുശേഷം മങ്കൊമ്പ് പാലവും പണ്ടാരക്കളം പാലവും പുനർനിർമ്മിക്കുമെന്നും കരാർ കാലാവധിക്ക് മുമ്പുതന്നെ പണി പൂർത്തിയാക്കുമെന്നുംസൊസൈറ്റി അധികൃതർ പറഞ്ഞു.