ആലപ്പുഴ: കാത്തിരിപ്പിന് വിരാമമിട്ട് പടക്കപ്പൽ പട്ടണപ്രവേശം നടത്തി. പതിനെട്ട് ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിൽ ഇന്നലെ പുലർച്ചെ അഞ്ച് മണിക്ക് കൊമ്മാടി ബൈപ്പാസിൽ ടോൾ പ്ലാസയ്ക്ക് സമീപത്തു നിന്നും കൊമ്മാടി സിഗ്നൽ ജംഗ്ഷനിലേക്ക് തിരികെപോയാണ് യാത്ര തുടങ്ങിയത്. ഇവിടെ ഏതാനും സിഗ്നൽ ബോർഡുകൾ നീക്കം ചെയ്ത് ആറുമണിയോടെ നഗരത്തിലേക്കുള്ള റോഡിൽ പ്രവേശിച്ചു. മരച്ചില്ലകൾ വെട്ടിമാറ്റിയും വൈദ്യുതിലൈനുകളും കേബിളുകളും നീക്കി വൻസംഘമൊരുക്കിയ വഴികളിലൂടെയായിരുന്നു കപ്പലിന്റെ യാത്ര. കെ.എസ്.ആർ.ടി.സിയും ലോറികളുമുൾപ്പെടെയുള്ള വാഹനങ്ങൾക്ക് കടന്നു പോകുവാൻ വഴി നൽകിയിരുന്നു. ഇതു ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിന് സഹായമായി. സെൽഫിയും ഫോട്ടോയുമെടുത്ത് വൻജനാവലിയാണ് പടക്കപ്പലിന്റെ അവസാര കരയാത്ര ആഘോഷമാക്കിയത്.

വീണ്ടും റൂട്ട് മാറ്റി

കോൺവന്റ് സ്ക്വയറിൽ നിന്ന് പടിഞ്ഞാറ് വശത്തേക്ക് മൾട്ടി ആക്സസ് പുള്ളർ തിരിയില്ലെന്ന ധാരണയിൽ നിശ്ചയിച്ചിരുന്ന റൂട്ട് ഇന്നലെ വീണ്ടും മാറ്റി. പുള്ളറിന്റെ ഓരോ വീലും അതിവിദഗ്ദ്ധമായി വളച്ച് ബീച്ച് റോഡിലേക്ക് വാഹനവും കപ്പലും പ്രവേശിച്ചു.

രാവിലെ 5 - കപ്പലിന്റെ യാത്ര ആരംഭിച്ചു

8.30 - ശവക്കോട്ട പാലം

9.00 - കോൺവന്റ് സ്ക്വയർ

9.30 - ബീച്ച് റോഡ്

ഉച്ചയ്ക്ക് 12.00 - കളക്ടറുടെ വസതിക്ക് സമീപം

തടസങ്ങൾ വെട്ടിമാറ്റി

സഞ്ചാരപാതയിൽ തടസം നിന്ന മരച്ചില്ലകളും കേബിളുകളും നീക്കി മാറ്റിയായിരുന്നു കപ്പലിന്റെ യാത്ര. കളക്ടറുടെ വസതിക്ക് സമീപത്തെ റെയിൽവേ ഗേറ്റിന്റെ ഇരുമ്പ് തൂണുകൾ രാവിലെ തന്നെ അഴിച്ചുമാറ്റിയിരുന്നു.

സിഗ്നൽ നൽകി ഗുരുവായൂർ എക്സ്പ്രസ്

രാത്രി കടന്നുപോയ ഗുരുവായൂർ എക്സ്പ്രസാണ് കപ്പിന്റെ രാത്രി യാത്രയ്ക്ക് പച്ചക്കൊടി നൽകിയത്. എക്സ്പ്രസ് പോയ ശേഷം റെയിൽവേ ലൈനുകൾ ഓഫ് ചെയ്ത് സഹകരിച്ചു. പുലർച്ചയോടെ കപ്പൽ പോർട്ട് മ്യൂസിയത്തിൽ എത്തിച്ചെങ്കിലും, ഔദ്യോഗിക ഉദ്ഘാടനം മറ്റൊരു ദിവസം വിപുലമായ ചടങ്ങുകളോടെ സംഘടിപ്പിക്കുമെന്ന് മുസിരിസ് പ്രൊജക്ട് എം.ഡി നൗഷാദ് പറഞ്ഞു.