ആലപ്പുഴ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തുറവൂർ പഞ്ചായത്ത് മൂന്നാം വാർഡിൽ തൊഴിലുറപ്പ് പദ്ധതിയുടെ പിന്തുണയോടെ നടപ്പാക്കിയ കര നെൽകൃഷിയിൽ നൂറുമേനി വിളവ്. 21 തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്ന് ഒരേക്കറോളം തരിശ് ഭൂമിയിലാണ് കൃഷിയിറക്കിയത്. വൈറ്റില എട്ട് നെൽവിത്ത് തുറവൂർ കൃഷിഭവൻ സൗജന്യമായി നൽകി. കൃഷിവകുപ്പ് സാങ്കേതിക സഹായം ലഭ്യമാക്കി. മൂന്നാം വാർഡ് കളരിക്കൽ മേഖലയിൽ നടന്ന വിളവെടുപ്പ് ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തംഗം എ.യു. അനീഷ്, മറ്റു ജനപ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.