ആലപ്പുഴ: നഗരസഭയിലെ 52 വാർഡുകൾ തമ്മിൽ മത്സരത്തിന് ഒരുങ്ങുന്നു. നിർമ്മല ഭവനം -നിർമ്മല നഗരം 20 അഴകോടെ ആലപ്പുഴ എന്ന പദ്ധതിയുടെ ഭാഗമായി സമ്പൂർണ ശുചിത്വ പദവി കൈവരിക്കാനുള്ളതാണ് മത്സരം. ഗാന്ധിജയന്തി ദിനത്തിൽ നഗരത്തിൽ ആരംഭിച്ച മൊബൈൽ ആപ്പ് വഴിയുള്ള ഡിജിറ്റൽ ശുചിത്വ സർവേയിൽ നഗരത്തിലെ അരലക്ഷം ഭവനങ്ങളിൽ 93 ശതമാനം ഭവനങ്ങളിലും സർവേ പൂർത്തീകരിച്ച് ശുചിത്വ നില അപഗ്രഥിച്ചിരുന്നു. 38 വാർഡുകളിൽ സർവേ 100 ശതമാനം പൂർത്തീകരിച്ചു. വാർഡിലെ എല്ലാ വീടുകളിലും ജൈവ മാലിന്യ സംസ്‌കരണത്തിന് ഉറവിട മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഏർപ്പെടുത്തിയതും സൗകര്യമില്ലാത്തവർ വാട്‌സ് ആൻ പാർക്ക് എന്ന എയ്‌റോബിക് കമ്പോസ്റ്റ് യുണിറ്റിൽ മാലിന്യം ഏൽപ്പിച്ച് കാർഡ് സൂക്ഷിക്കണം. കേരളപ്പിറവി ദിനത്തിൽ കുറഞ്ഞത് രണ്ടു വാർഡുകളെങ്കിലും സമ്പുർണ ശുചിത്വ പദവി കൈവരിക്കുമെന്ന് നഗരസഭാ അദ്ധ്യക്ഷ സൗമ്യ രാജ് പറഞ്ഞു. ഒരു വർഷം കൊണ്ട് എല്ലാ വാർഡുകളും സമ്പൂർണ ശുചിത്വ പദവി കൈവരിച്ച് 2022 ഗാന്ധിജയന്തി ദിനത്തിൽ നഗരം സമ്പൂർണ ശുചിത്വ പദവി കൈവരിക്കും. എം.ഒ വാർഡ്, ആലിശേരി, വഴിച്ചേരി, കറുകയിൽ വാർഡുകളിൽ വാർഡ് നിവാസികളും സംഘടനാ പ്രതിനിധികളും അടങ്ങുന്ന ശുചിത്വ യോഗങ്ങൾ വിളിച്ചു ചേർത്തു.

നഗരസഭാ അദ്ധ്യക്ഷ സൗമ്യ രാജ് അദ്ധ്യക്ഷയായി. ഉപാദ്ധ്യക്ഷൻ പി.എസ്.എം ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ എ. ഷാനവാസ്, ബിന്ദു തോമസ്, എം.ആർ. പ്രേം, എ.എസ്. കവിത, കാൻ ആലപ്പി പ്രവർത്തകരായ രോഹിത് ജോസഫ്, ദൃശ്യ വിശ്വൻ എന്നിവർ സംസാരിച്ചു.

സർവേ ഇങ്ങനെ

ഓരോ വാർഡിലെയും ഭവനങ്ങളെ ഉറവിട മാലിന്യ സംസ്‌കരണ ഉപാധികൾ ഉപയോഗിക്കുന്നവ, ഉപയോഗിക്കാത്തവ, മാലിന്യ സംസ്‌കരണ ഉപാധികൾ ലഭിക്കാൻ താത്പര്യമുള്ളവ, വിമുഖതയുള്ളവ, എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റിൽ മാലിന്യം എത്തിക്കുന്നവ, ഹരിത കർമ്മ സേനയുടെ സേവനം ഉപയോഗിക്കുന്നവ, ഇനിയും സേവനം ലഭ്യമല്ലാത്തവ, പരിസര ശുചിത്വം തുടങ്ങിയ മാനദണ്ഡത്തിലാണ് സർവേ നടത്തിയത്.