nellu

ആലപ്പുഴ: മഴക്കെടുതിയുടെ അടിസ്ഥാനത്തിൽ നെല്ല് സംഭരണം ദ്രുതഗതിയിലാക്കാൻ നടപടി സ്വീകരിച്ചതായി മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കെടുതിയിൽ നെൽകർഷകർക്ക് ഏറെ നാശമുണ്ടായി. കൊയ്ത്ത് നടന്ന എല്ലാ പാടങ്ങളിൽ നിന്നും നെല്ല് സംഭരിക്കും. 74 റേഷൻകടകളിലും രണ്ട് മാവേലിസ്റ്റോറുകളിലുമാണ് കനത്ത മഴയിൽ വെള്ളം കയറിയത്. ഇവ അടിയന്തരമായി പുനഃസ്ഥാപിച്ചു. സംസ്ഥാനത്തെ മുഴുവൻ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്കും ഭക്ഷ്യധാന്യം എത്തിക്കാൻ നടപടി ഊർജ്ജിതമാക്കി. റവന്യൂ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നതനുസരിച്ച് കൃത്യമായി ഇവ എത്തിച്ച് നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ എ. അലക്‌സാണ്ടർ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, നഗരസഭാ ചെയർപേഴ്‌സൺ സൗമ്യാരാജ്, വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ബീന രമേശ്, വി. വിനീത, കൗൺസിലർമാരായ ഡി.പി. മധു, ബി. നസീർ, നജിത ഹാരിസ് തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.