എടത്വാ: ആരോഗ്യ പ്രവർത്തകരും ഫയർഫോഴ്സും കിണഞ്ഞ് പരിശ്രമിച്ചിട്ടും കിടപ്പുരോഗിയുടെ ജീവൻ രക്ഷിക്കാനായില്ല. തലവടി പഞ്ചായത്ത് രണ്ടാം വാർഡിൽ കാരിക്കുഴി മണക്കളം നൈനാനാണ് (74) മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘനാളായി നൈനാൻ കിടപ്പിലായിരുന്നു. ഇന്നലെ ഉച്ചയോടെ രോഗം മൂർച്ഛിച്ചതോടെ തലവടി ആരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് ജീവനക്കാർ എത്തിയെങ്കിലും വെള്ളം കാരണം വീട്ടിലേക്ക് എത്താനായില്ല. ബ്ലോക്ക് മെമ്പർ അജിത്ത് കുമാർ പിഷാരത്ത് തകഴി ഫയർഫോഴ്സിൽ വിവരം അറിയിച്ചു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് ആരോഗ്യ പ്രവർത്തകരെ വീട്ടിലെത്തിച്ചത്. അടിയന്തര ചികിത്സ നൽകിയെങ്കിലും നൈനാൻ മരണത്തിന് കീഴടങ്ങി. വെള്ളപ്പൊക്കം കാരണം നൈനാനെ ആശുപത്രിയിലേക്ക് മാറ്റാനും കഴിഞ്ഞിരുന്നില്ല. സംസ്കാരം പിന്നീട്. ഭാര്യ: റൈച്ചൽ. മക്കൾ: കൊച്ചുമോൾ, പ്രീതി, പരേതനായ പ്രിയൻ. മരുമക്കൾ: മുത്തു, ബിജു, ജസി.