ആലപ്പുഴ: കുട്ടനാട്ടിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയത് ജനങ്ങൾക്ക് ആശ്വാസമാകുന്നു. മഴയുടെ ശക്തികുറഞ്ഞതും കിഴക്കൻ വെള്ളത്തിന്റെ വരവ് കുറഞ്ഞതുമാണ് ജലനിരപ്പ് താഴാൻ കാരണം. പുഞ്ചകൃഷിക്കുള്ള ഒരുക്കങ്ങൾ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് പാടശേഖരസമിതികൾ. രണ്ടാം കൃഷിയിറക്കിയ പാടങ്ങളിൽ വെള്ളം വറ്റിച്ച് വിളവെടുക്കാനുള്ള ജോലികളും പുരോഗമിക്കുകയാണ്. എ - സി റോഡിൽ കിഴക്ക് ഭാഗത്തെ വെള്ളക്കെട്ട് താഴ്ന്ന് തുടങ്ങിയിട്ടേയുള്ളൂ. ഉൾപ്രദേശങ്ങളിൽ നിന്ന് നീന്തിയാണ് പലരും ബോട്ട് കയറാൻ എത്തുന്നത്. കാവാലം, നെടുമുടി എന്നിവിടങ്ങളിലെ ജലനിരപ്പ് ഇന്നലെ വൈകിട്ട് വരെയും മുന്നറിയിപ്പ് നിലയ്ക്കൊപ്പമാണ്.
ബസ് സർവീസ് പുനരാരംഭിച്ചു
ആലപ്പുഴ- ചങ്ങനാശേരി റോഡിൽ ജലനിരപ്പ് താഴ്ന്നതോടെ എ - സി റോഡിലൂടെയുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിച്ചു. ആഞ്ച് ദിവസം സർവീസ് മുടങ്ങിയിരുന്നു. ആലപ്പുഴയിൽ നിന്ന് പള്ളിക്കൂട്ടുമ്മ വരെയാണ് സർവീസ്. പുളിങ്കുന്ന്, വടക്കൻ വെളിയനാട്, കായൽപുറം, കൈനകരി എന്നിവിടങ്ങളിലും സർവീസ് പുനരാരംഭിച്ചു.
ദുരിതാശ്വാസ ക്യാമ്പ്: 128
കുടുംബങ്ങൾ: 4,382
ആളുകൾ: 14,177