ആറ് കമ്പനികൾ താല്പര്യപത്രം നൽകി
ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി തുറവൂർ മുതൽ പറവൂർ വരെയുള്ള ഭാഗം ആറുവരി പാതയായി പുനർ നിർമ്മിക്കാനുള്ള പദ്ധതിയുടെ കരാർ ഒരാഴ്ചക്കുള്ളിൽ ഉറപ്പിച്ചേക്കും.
ദേശീയപാത അതോറിട്ടി ഒഫ് ഇന്ത്യയ്ക്ക് (എൻ.എച്ച്.ഐ) ആറ് കമ്പനികൾ താല്പര്യപത്രം നൽകി. തുറവൂർ- പറവൂർ 37.9 കിലോമീറ്ററിന് 1,248.08 കോടി രൂപയ്ക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. പറവൂർ - കൊറ്റുകുളങ്ങര 37.5 കിലോമീറ്ററിന് 1,310.52 കോടിയുടെ ടെണ്ടറായിരുന്നു ക്ഷണിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഈ ഭാഗത്തെ അടങ്കൽ തുക 1,395കോടി രൂപയായി വർദ്ധിപ്പിച്ചു.
കഴിഞ്ഞ മാസം 23ന് ആയിരുന്നു ഇരുപദ്ധതികളുടെയും അവസാന ടെണ്ടർ തീയതി. കരാർ ഉറപ്പിച്ചാൽ 30 മാസം (രണ്ടരവർഷം) കൊണ്ട് ജോലികൾ പൂർത്തീകരിക്കാനായിരിക്കും വ്യവസ്ഥ. അഞ്ചുവർഷം റോഡിന്റെ പരിപാലന ചുമതലയും കരാറെടുക്കുന്നവർക്കായിരിക്കും. പറവൂർ - കൊറ്റുകുളങ്ങര പദ്ധതിയുടെ തുക വർദ്ധിപ്പിച്ച് സാമ്പത്തിക വിനിയോഗത്തിന് കഴിഞ്ഞ ദിവസത്തെ ബോർഡ് യോഗത്തിൽ അനുമതി നൽകിയ സാഹചര്യത്തിൽ ഈ റീച്ചിൽ പുതിയ ടെണ്ടർ വിളിക്കാനാണ് സാദ്ധ്യത.
കൊറ്റുകുളങ്ങര - കാവനാട് റീച്ചിനുള്ള ടെണ്ടർ പൂർത്തിയായി കരാർ നേരത്തെ ഉറപ്പിച്ചിരുന്നു. ആദ്യം കരാർ ഉറപ്പിച്ച കൊറ്റുകുളങ്ങര - കാവനാട് റീച്ചിൽ കായംകുളം, കൃഷ്ണപുരം വില്ലേജുകളിലെ 11 കിലോമീറ്റർ നീളത്തിലുള്ള ഭാഗമാണ് ജില്ലയിലുള്ളത്. ബാക്കി ഭാഗം കൊല്ലം ജില്ലയിലാണ്. തുറവൂർ മുതൽ ഓച്ചിറ വരെ ആറുവരി പാതയാക്കൽ മൂന്ന് റീച്ചുകളിലായാണ് നടക്കുക.
മേൽപ്പാത
1. അരൂർ മുതൽ തുറവൂർ വരെ 13 കിലോമീറ്റർ നീളത്തിൽ
2. നിർമ്മാണ നടപടികൾ പുരോഗമിക്കുന്നു
3. സ്ഥലം ഏറ്റെടുക്കുന്നതിനേക്കാൾ കുറഞ്ഞ ചെലവ്
4. ആറുവരി പാത 45 മീറ്റർ വീതിയിൽ
5. മണ്ണ് പരിശോധന പുരോഗമിക്കുന്നു
സ്ഥലം ഏറ്റെടുക്കൽ വേഗത്തിൽ
ആദായ നികുതി (ടി.ഡി.എസ്) പിടിക്കേണ്ടെന്ന തീരുമാനം വന്നതോടെ ദേശീയപാത വികസനത്തിന് ആദ്യ 3 (ഡി) വിജ്ഞാപനം അനുസരിച്ച് നടപടികൾ പൂർത്തീകരിച്ച സ്ഥലം ഉടമകൾക്കുള്ള നഷ്ടപരിഹാരം വിതരണം വേഗത്തിലാക്കി. അവധി ദിവസങ്ങളിലും നഷ്ടപരിഹാരം വിതരണം ചെയ്യാൻ എൻ.എച്ച്.ഐ സ്ഥലം ഏറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കളക്ടർ താത്കാലിക ജീവനക്കാരെ നിയമിച്ചു. ജനുവരിക്ക് മുമ്പ് സ്ഥലം പൂർണമായും ഏറ്റെടുക്കാനാണ് ലക്ഷ്യമിടുന്നത്.
"
സെക്ഷൻ 3ഇ പ്രകാരം നോട്ടീസ് കൈപ്പറ്റി 60ദിവസം കഴിഞ്ഞിട്ടും രേഖകൾ ഹാജരാക്കാത്ത മുഴുവൻ ഉടമകളുടെയും സ്ഥലം നവംബർ 15ന് മുമ്പ് ഏറ്റെടുക്കും. കളക്ടറുടെ ഉത്തരവ് അനുസരിച്ച് വില്ലേജ് ഓഫീസർമാരുടെ നേതൃത്വത്തിൽ പ്രത്യേക ടീമിനെ നിയമിച്ചു. മുഖ്യമന്ത്രിയുടെ അവലോകനയോഗം നാളെ നടക്കും.
ഡെപ്യൂട്ടി കളക്ടർ,
സ്ഥലം ഏറ്റെടുക്കൽ വിഭാഗം
നഷ്ടപരിഹാര വിതരണം
നടപടികൾ പൂർത്തീകരിച്ച ഉടമകൾ: 933
തുക: 351.79കോടി
സ്ഥലം: 11.44 ഹെക്ടർ
പണം ലഭിച്ചവർ: 269
വിതരണം ചെയ്തത്: 104.48 കോടി
എൻ.എച്ച്.ഐക്ക് കൈമാറിയ സ്ഥലം: 3.23 ഹെക്ടർ
#തുറവൂർ- പറവൂർ വരെ
നീളം: 37.9 കിലോ മീറ്റർ
അടങ്കൽ തുക: 1,248.08 കോടി
#പറവൂർ - കൊറ്റുകുളങ്ങര
നീളം: 37.5 കിലോ മീറ്റർ
അടങ്കൽ തുക: 1,395 കോടി
#അരൂർ മുതൽ തുറവൂർ മേൽപ്പാത
നീളം: 13 കിലോമീറ്റർ