para

ആലപ്പുഴ: എ - സി റോഡ് നവീകരണത്തിന്റെ ഭാഗമായി പാറശേരി പാലം ഇന്ന് പൊളിച്ച് തുടങ്ങും. പൊങ്ങ, പക്കി പാലങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചതോടെയാണ് പാറശേരി പാലത്തിന്റെ പണികൾ ആരംഭിക്കുന്നത്.

പൊങ്ങയ്ക്കും പൂപ്പള്ളിക്കും ഇടയിലാണ് പാറശേരി പാലം. ചങ്ങനാശേരി ഡിപ്പോയിൽ നിന്ന് പൂപ്പള്ളി വരെ ബസ് സർവീസ് നടത്തും. ആലപ്പുഴയിൽ നിന്ന് കൈനകരി, ചമ്പക്കുളം, പുളിങ്കുന്ന് എന്നിവിടങ്ങളിലേക്ക് കഞ്ഞിപ്പാടം - പൂപ്പള്ളി വഴിയും സർവീസ് ഉണ്ടാകും. മാധവശേരി പാലത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കില്ല. പാലം പൊളിക്കുമ്പോൾ ഗതാഗതം തിരിച്ചുവിടേണ്ടത് മങ്കൊമ്പ് - ചമ്പക്കുളം റോഡിലൂടെയാണ്. ഇവിടെ മാമ്മൂട് പാലം പൊളിച്ചുപണി നടക്കുന്നതേയുള്ളൂ. പാലത്തിന്റെ പണികൾ പൂർത്തിയാക്കാൻ ഒരു മാസമെങ്കിലും വേണ്ടിവരും. പാറശേരി പാലം പൊളിക്കുമ്പോൾ വാഹനങ്ങൾക്ക് കടന്നുപോകേണ്ട താത്കാലിക പാലം നിർമ്മാണം പൂർത്തിയായി. മാധവശേരി പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന താത്കാലിക പാലത്തിന്റെ നിർമ്മാണവും തുടങ്ങി. ജലനിരപ്പ് താഴുന്നതോടെ കിടങ്ങറയിൽ നിർമ്മിക്കുന്ന പാലത്തിന്റെ പയലിങ്ങും ഓട നിർമ്മാണവും പുനരാരംഭിക്കും.