അമ്പലപ്പുഴ: രക്തസാക്ഷികളുടെ ചുടുനിണം വീണ് ചുവന്ന പുന്നപ്ര സമര ഭൂമിയിൽ 75-ാമത് പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിന് തുടക്കമായി. ഇന്നലെ രാവിലെ 10 ഓടെ മണ്ഡപത്തിന്റെ സമീപ സ്ഥലങ്ങളിൽ നിന്ന് വാർഡ് വാരാചരണ കമ്മിറ്റികളുടെ നേതൃത്വത്തിൽ ചെറു ജാഥകളായി പ്രവർത്തകർ സമര ഭൂമിയിലെത്തി. സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ, സംസ്ഥാന കമ്മിറ്റി അംഗം ജി. സുധാകരൻ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, മന്ത്രി പി. പ്രസാദ്, എ. എം. ആരിഫ് എം. പി, എച്ച്. സലാം എം.എൽ.എ, എ. ഓമനക്കുട്ടൻ, ഇ.കെ. ജയൻ, അഡ്വ.വി. മോഹൻദാസ്, വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാർ എന്നിവർ മണ്ഡപത്തിൽ പുഷ്പ ചക്രമർപ്പിച്ചു. ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും നിരവധി നേതാക്കളും പുഷ്പാർച്ചന നടത്തി.
ആർ. നാസർ അനുസ്മരണ പ്രഭാഷണം നടത്തി. വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ.കെ. ജയൻ അദ്ധ്യക്ഷനായി. പി. പ്രസാദ്, ജി. സുധാകരൻ, എ.എം. ആരിഫ്, എച്ച്. സലാം, ടി.ജെ. ആഞ്ചലോസ് തുടങ്ങിയവർ സംസാരിച്ചു. എം. രഘു സ്വാഗതവും വി.ആർ. അശോകൻ നന്ദിയും പറഞ്ഞു.