boat

ആലപ്പുഴ: ബീച്ചിൽ പ്രദർശിപ്പിക്കാനുള്ള ഇന്ത്യൻ നാവികസേനയുടെ ഡീകമ്മിഷൻ ചെയ്ത ഫസ്റ്റ് അറ്റാക്ക് ക്രാഫ്ട് ടി - 81(ഐ.എൻ.എഫ്.എ.സി ടി-81) യുദ്ധക്കപ്പലും വഹിച്ചുള്ള പ്രത്യേക വാഹനം ഇന്നലെ പുലർച്ചെ ഒന്നോടെ ബീച്ചിലെത്തി.

പൈതൃക പദ്ധതിയിലെ കടൽപ്പാലം നവീകരണത്തിന്റെ ഭാഗമായി ബീച്ചിൽ സ്ഥിരമായി പ്രദർശിപ്പിക്കാനാണ് യുദ്ധക്കപ്പൽ എത്തിച്ചത്. ഇന്നലെ ഉച്ചക്ക് ഒന്നോടെ ക്രെയിൻ ഉപയോഗിച്ച് ആലപ്പുഴ കടപ്പുറത്തെ പ്രത്യേക പ്ലാറ്റ്‌ഫോമിൽ കപ്പൽ സ്ഥാപിച്ചു. ഈ സമയം പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ജനങ്ങൾ ആഘോഷിച്ചു. ജനപ്രതിനിധികളും നട്ടുകാരും സഞ്ചാരികളും അടക്കം നൂറുകണക്കിനുപേർ ക്രെയിൻ ഉപയോഗിച്ച് കപ്പൽ സ്ഥാപിക്കുന്നത് കാണാൻ എത്തിയിരുന്നു. വിപുലമായ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നു.

രണ്ട് മാസത്തിനുള്ളിൽ കപ്പൽ പ്രദർശനത്തിന് തുറന്നുനൽകും. സഞ്ചാരികൾക്ക് കപ്പലിൽ പ്രവേശിക്കുന്നതിനുള്ള സംവിധാനം ഒരുക്കേണ്ടതുണ്ട്. എ.എം. ആരിഫ് എം.പി, എം.എൽ.എമാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജൻ, തുറമുഖ വകുപ്പിലെയും മറ്റു വകുപ്പുകളിലെയും ഉദ്യോഗസ്ഥരും പൈതൃക പദ്ധതി പ്രതിനിധികളും സന്നിഹിതരായിരുന്നു.

കപ്പലെത്തിയ വഴി

1. കൊച്ചിയിലെ നാവിക സേനയുടെ ആസ്ഥാനത്ത് നിന്ന് ജലമാർഗം കഴിഞ്ഞ 19ന് തണ്ണീർമുക്കത്ത് എത്തിച്ചു

2. 60ടൺ ഭാരമുള്ള കപ്പൽ 22ന് വൈകിട്ട് പ്രത്യേകം തയ്യാറാക്കിയ ടെയ്ലർ വാഹനത്തിൽ ക്രെയിൻ ഉപയോഗിച്ച് കയറ്റി

3. 25ന് കരമാർഗമുള്ള യാത്ര ആരംഭിച്ചു

4. ഒക്ടോബർ ആദ്യം കൊമ്മാടി ബൈപ്പാസ് ജംഗ്ഷനിലെത്തി

5. ദേശീയപാത അതോറിട്ടിയുടെ അനുമതിക്കായി 20 ദിവസം കൊമ്മാടിയിൽ കിടപ്പായി

6. റെയിൽവേയുടെ അനുമതി ലഭിച്ചതോടെ ഇന്നലെ പുലർച്ചെ കപ്പൽ ബീച്ചിലെത്തിച്ചു

"

ആലപ്പുഴ പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി തുറമുഖ മ്യൂസിയം നിർമ്മാണത്തിന്റെ ഭാഗമായിട്ടാണ് കപ്പൽ സ്ഥാപിച്ചത്. കപ്പലിൽ പ്രവേശിക്കാനുള്ള നിർമ്മാണം പൂർത്തീകരിച്ച് മന്ത്രിയുടെ സൗകര്യാർത്ഥം ഉദ്ഘാടനം ചെയ്യും. ബോർഡ് കൂടി ഫീസ് നിശ്ചയിക്കും. തുറമഖ മ്യൂസിയത്തിൽ എത്തുന്നവർക്ക് സൗജന്യമായിരിക്കും കപ്പലിലെ പ്രവേശനം.

പി.എം. നൗഷാദ്, എം.ഡി

മുസിരിസ് പൈതൃക പദ്ധതി

യുദ്ധക്കപ്പൽ

നീളം: 25.9 മീറ്റർ

ഭാരം: 60 ടൺ

വീതി: 5.6 മീറ്റർ

താഴ്ച: മൂന്ന് മീറ്റർ