ആലപ്പുഴ: വെള്ളപ്പൊക്കത്തിനു ശേഷം വീടുകളിലേക്കു മടങ്ങുമ്പോൾ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് അധികൃതർ. പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടായാൽ സ്വയം ചികിത്സിക്കാതെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടണമെന്നും ഡി.എം.ഒ അറിയിച്ചു. വൈറൽ പനി, ചിക്കൻ പോക്സ്, മറ്റ് പകർച്ചവ്യാധികൾ എന്നിവയെ പ്രതിരോധിക്കുന്നതിന് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല ഉപയോഗിച്ച് മറയ്ക്കണം.
ശ്രദ്ധിക്കുക
#വെള്ളപ്പൊക്കം ബാധിച്ച മേഖലകളിലെ വീടുകളും സ്ഥാപനങ്ങളും നന്നായി കഴുകി വൃത്തിയാക്കണം
#പരിസരം വൃത്തിയാക്കുന്നതിന് നീറ്റുകക്കയും കുമ്മായവും ഉപയോഗിക്കാം
#കക്കൂസ് മാലിന്യം കൊണ്ട് മലിനമാകൻ സാധ്യതയുള്ള സ്ഥലങ്ങൾ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ശുചീകരിക്കണം
# മലിനമായ കിണറുകളും കുടിവെള്ള ടാങ്കുകളും ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ശുദ്ധീകരിച്ച് ഉപയോഗിക്കുക
#ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ ക്ലോറിനേഷൻ നടത്തണം
#എലിപ്പനി പ്രതിരോധത്തിനുള്ള ഡോക്സി സൈക്ലിൻ ഗുളിക ആഴ്ചയിലൊരിക്കൽ ഭക്ഷണത്തിനുശേഷം കഴിക്കണം
#കൈകാലുകളിൽ മുറിവുള്ളവർ ഡോക്ടറുടെ സഹായം തേടുകയും പ്രതിരോധ ഗുളിക കഴിക്കണം
#മലിന ജലത്തിൽ ജോലിചെയ്യുന്നവർ ഗംബൂട്ട്, കൈയ്യുറ തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപാധികൾ ഉപയോഗിക്കണം.
#വിഷപ്പാമ്പുകൾക്കെതിരെ ജാഗ്രത വേണം.