ആലപ്പുഴ: വൃദ്ധയെ കൊലപ്പെടുത്തി പതിമൂന്നര പവൻ കവർന്ന കേസിൽ കുറ്റക്കാരല്ലെന്ന് കണ്ട് പ്രതികളെ ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി വെറുതെവിട്ടു.
മരാരിക്കുളം വടക്ക് പഞ്ചായത്ത് 14 വാർഡിൽ അരശർക്കടവ് വീട്ടിൽ ത്രേസ്യാമ്മയാണ് (63) കൊലപ്പെട്ടത്. മരാരിക്കുളം വടക്ക് പഞ്ചായത്ത് കനാശേരി വീട്ടിൽ അഗസ്റ്റിൻ, ഇയാളുടെ മകൻ സെബാസ്റ്റ്യൻ എന്നിവരെയാണ് വെറുതെവിട്ട് ആലപ്പുഴ അഡീഷണൽ സെഷൻസ് ജഡ്ജി പി.എസ്. ശശികുമാർ ഉത്തരവായത്.
2011 ജൂൺ 14ന് ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ശരീരത്തിൽ അണിഞ്ഞിരുന്നതും അലമാരയിൽ സൂക്ഷിച്ചിരുന്നതുമായ സ്വർണം കവർന്നെന്നായിരുന്നു മരാരിക്കുളം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ ജി. പ്രിയദർശൻ തമ്പി, ഓംജി ബാലചന്ദ്രൻ, വിദ്യാ വിചിത്രൻ എന്നിവർ ഹാജരായി.