bus
തൈക്കാട്ടുശേരി മണിയാതൃക്കയിലെ പറമ്പിൽ ഇട്ടിരിക്കുന്ന സ്വകാര്യ ബസുകൾ

പൂച്ചാക്കൽ: കൊവിഡ് പ്രതിസന്ധി ഒന്നയഞ്ഞപ്പോൾ ബി​സി​നസ് മേഖലകളോരോന്നായി​ പച്ചപി​ടി​ച്ചുവരുകയാണെങ്കി​ലും തി​രി​ച്ചവരവി​ന്റെ ലക്ഷണങ്ങളൊന്നും പ്രകടി​പ്പി​ക്കാത്ത ഒരു രംഗമാണ് സ്വകാര്യ ബസ് സർവീസുകൾ. ഒന്നര വർഷത്തിന് മുമ്പ് കട്ടപ്പുറത്തായ സ്വകാര്യ ബസുകൾ മി​ക്കവാറും അവി​ടെത്തന്നെ ഇരി​ക്കുകയാണി​പ്പോഴും. പലതും പൊളി​ച്ചുവി​ൽക്കുകവരെ ചെയ്തുകഴി​ഞ്ഞു.

ചേർത്തല - അരൂക്കുറ്റി റൂട്ടിൽ മാത്രം 78 ബസുകൾ ഓടിയിരുന്നതി​ൽ ഇപ്പോൾ 36 എണ്ണം മാത്രമാണ് സർവീസ് നടത്തുന്നത്. അവതന്നെ ജീവനക്കാർക്ക് വേതനം നൽകാൻ പോലുമാകാതെ നഷ്ടത്തിലാണ് മുന്നോട്ടുപോകുന്നത്. നടത്തിപ്പ് ചെലവ് നിയന്ത്രണാതീതമായി വർദ്ധിച്ചതും യാത്രക്കാരുടെ എണ്ണം പകുതിയായി കുറഞ്ഞതുമാണ് തിരിച്ചടിക്ക് പ്രധാന പ്രതി​സന്ധി​.

ശരി​ക്കും ചെകുത്താനും

കടലി​നുമി​ടയി​ൽ !

സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ മുതൽ തന്നെ സ്വകാര്യ ബസുകൾ റോഡിൽ നിന്നും മാറ്റേണ്ടി വന്നു. എല്ലാ ബസുകളും സുരക്ഷിതമായി പാർക്ക് ചെയ്യാൻ സൗകര്യമില്ലാതെ വന്നതോടെ പുറമ്പോക്കി​ലും ആളൊഴിഞ്ഞ പറമ്പുകളിലുമാണ് ഇട്ടിരുന്നത്. ഒന്നര വർഷം പിന്നിട്ടപ്പോൾ ടയർ, ബാറ്ററി, ബസിന്റെ ചെയ്സ് , സീറ്റുകൾ തുടങ്ങിയവയെല്ലാം ഉപയോഗശൂന്യമായി. ബസിന് ഉൾവശം പോലും പാഴ്ചെടികൾ വളർന്നു നിൽക്കുന്ന അവസ്ഥ. പഴയ കണ്ടീഷനിൽ ബസ് നിരത്തിലിറക്കാൻ രണ്ടു ലക്ഷം രൂപയെങ്കിലും ചെലവാക്കേണ്ടി വരുമെന്ന് ഉടമകൾ പറയുന്നു. പണം മുടക്കിയാൽ തന്നെ നഷ്ടമില്ലാതെ സർവീസ് നടത്താൻ സാധിക്കുമോ എന്ന ആശങ്ക ബാക്കി നിൽക്കുന്നു. ഉടനെ തന്നെ റണ്ണിംഗ് കണ്ടീഷൻ ആക്കിയില്ലെങ്കിൽ ബസുകൾ ആക്രി വിലയ്ക്ക് കൊടുക്കേണ്ടി വരുമെന്നതാണ് അടുത്ത പ്രശ്നം.

ബസുടമകൾ വഴി​യാധാരം

വസ്തു പണയം വച്ചും സ്വകാര്യ ബാങ്കിൽ നിന്ന് വായ്പ എടുത്തുമാണ് ബസുകൾ വാങ്ങിച്ചിരിക്കുന്നത്. കളക്ഷൻ കുറവു വരുന്ന സമയത്ത് റോഡ് ടാക്സിനും ഇൻഷ്വറൻസ് എടുക്കുന്നതിനുമായി വട്ടിപലിശയ്ക്ക് വായ്പയെടുത്താണ് പരിഹരിക്കുന്നത്. ലോണുകളുടെ തിരിച്ചടവ് മുടങ്ങിയതോടെ ബസുടമകളുടെ താളം തെറ്റി.

അന്നത്തി​ന് വകയി​ല്ലാതെ തൊഴിലാളികൾ

സ്വകാര്യ ബസ് തൊഴിലാളികളിൽ പലരും കൊവിഡ് പ്രതിസന്ധിയോടെ, ഉപജീവനത്തിനായി ലോട്ടറി, മത്സ്യക്കച്ചവടം, നിർമ്മാണ തൊഴിൽ തുടങ്ങിയ മേഖലയിലേക്ക് ചേക്കേറി. അവിടെയെല്ലാം തൊഴിൽ ദൗർലഭ്യം നേരിട്ടതോടെ ദൈനംദിന കാര്യങ്ങൾ കഷ്ടത്തിലായി.

ഇന്ധനത്തി​ന് വേണം ₹ 5000 +

ഡീസലിന് 68 രൂപ എന്നത് 103 ആയതാണ് ഏറ്റവും വലിയ വെല്ലുവിളി. 50 ലിറ്റർ ഡീസലാണ് ബസുകൾക്ക് പ്രതിദിനം വേണ്ടത്. ഇന്ധനത്തിനു വേണ്ടി മാത്രം അയ്യായിരത്തിലധികം രൂപ കണ്ടെത്തണം. ഇൻഷ്വറൻസ് പ്രീമിയം ഇപ്പോൾ തുക 70,000 രൂപയാണ്‌. റോഡ് ടാക്സ് പ്രതിവർഷം 1,20,000 രൂപയാണ്.സ്പെയർ പാർട്ട്സ് , sയർ, എൻ ഓയിൽ എന്നിവയുടെ വില 60 ശതമാനം വരെ കൂടി. എന്നാൽ പ്രതിദിന ടിക്കറ്റ് കളക്ഷൻ വരവ് 1500 മുതൽ 2000 രൂപ വരെ കുറഞ്ഞു.

.............................................

സ്വകാര്യ ബസ് സർവീസുകൾ പുന:രാരംഭി​ക്കുന്നതി​ന് സർക്കാർ അടിയന്തിരമായി ഇടപെടണം

ബസുടമകളും തൊഴിലാളികളും

മുപ്പത് വർഷമായി സ്വകാര്യ ബസ് തൊഴിലാളിയാണ്. ഒന്നര വർഷമായി വളരെ ബുദ്ധിമുട്ടിയാണ് ജീവിക്കുന്നത്. ക്ഷേമനിധി അംഗമല്ലാത്തതു കൊണ്ട് യാതൊരു ആനുകൂല്യവും കിട്ടിയിട്ടില്ല.

വിജയകുമാർ, പാമ്പുന്തറ

സ്വകാര്യ ബസ് ജീവനക്കാരൻ

മൂന്ന് ബസുകളുണ്ട്. വായ്പയെടുത്താണ് വാങ്ങിയത്. സ്വകാര്യ ബാങ്കിന്റെ തിരിച്ചടവ് മുടങ്ങിയതോടെ വലിയ സമ്മർദ്ദമാണ് നേരിടുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ നഷ്ടമില്ലാതെ സർവീസ് നടത്തുക സാദ്ധ്യമല്ല.

ദിനേശ് കുമാർ, ഉടമ, വെള്ളി മുറ്റത്തപ്പൻ

പള്ളിപ്പുറം.

............................................